വ്യാപക ഉരുൾപൊട്ടൽ; കുമളിയെ വിറപ്പിച്ച രാത്രി
സ്വന്തം ലേഖകൻ
Monday, October 20, 2025 3:07 AM IST
കുമളി: വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ഇന്നലെ രാത്രിയും പെരുമഴ കുമളിയെ വിറപ്പിച്ചു. പെരുമഴയിൽ കുമളിയിലും പരിസര പ്രദേശങ്ങളിലും എട്ടു ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. കുമളി, ഒന്നാംമൈൽ, അട്ടപ്പള്ളം, വെള്ളാരംകുന്ന് പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഏക്കറു കണക്കിനു കൃഷിഭൂമി ഒലിച്ചുപോയി. വ്യാപക മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്കു കേടുപാടു സംഭവിച്ചു.
വീടുകളിൽ വെള്ളം
ശിക്ഷക് സദൻ, ഹോളിഡേ ഹോം എന്നിവിടങ്ങളിൽ ക്യാന്പുകൾ തുറന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അട്ടപ്പള്ളം, ഒന്നാം മൈൽ, കുമളി ടൗണ്, കുഴിക്കണ്ടം, വലിയകണ്ടം, പെരിയാർ കോളനി എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. അട്ടപ്പള്ളം, ഒന്നാം മൈൽ ഭാഗങ്ങളിൽ പാടങ്ങളും റോഡും വെള്ളത്തിനടിയിലായി. ഒന്നാം മൈലിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി.
ഒന്നാം മൈലിൽ തോമസിന്റെ കൃഷിയിടം ഉരുൾപൊട്ടലിൽ വ്യാപകമായി നശിച്ചു. അട്ടപ്പള്ളം രണ്ടിടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഏക്കർ കണക്കിനു കൃഷിഭൂമി നശിച്ചു.
അട്ടപ്പള്ളം പോപ്സണ് മേട് കളരിക്കൽ അർജുനന്റെ ഒന്നര ഏക്കറോളം കൃഷിഭൂമി ഒലിച്ചുപോയി.
റോഡുകൾ തകർന്നു
ഉരുൾപൊട്ടലിൽ കൊല്ലംപറന്പിൽ ബിനോജിന്റെ വീടിന്റെ പിന്നിൽ മണ്ണിടിഞ്ഞു വീട് അപകടാവസ്ഥയിലായി. പോപ്സണ് മേട്ടിൽനിന്ന് ഏഴ് കുടുംബങ്ങളെ കുമളിയിലെ ക്യാന്പിലേക്കു മാറി. കുമളി - അടിമാലി സംസ്ഥാനപാതയിൽ ചെളിമടയ്ക്കു സമീപം സംരക്ഷണ ഭിത്തിയടക്കം നിലംപതിച്ചു. സംസ്ഥാന പാതയിലും പത്തുമുറി റോഡിലും പലേടത്തും മണ്ണിടിഞ്ഞു ഗതാഗതം സ്തംഭിച്ചു. ആനക്കുഴി - വിശ്വനാഥപുരം (മുരിക്കടി) റോഡിൽ വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി.
കല്ലറയ്ക്കൽ രാജന്റെ വീടിന്റെ പിന്നിൽ വൻ മണ്കൂന പതിച്ചു. വെള്ളാരംകുന്ന് ചീനിയപ്പൻകടയ്ക്കു സമീപം രണ്ടിടത്ത് ഉരുൾപൊട്ടി കൃഷിനാശത്തിനു പുറമേ വീടുകളിൽ വെള്ളവും കയറി. കുമളി ടൗണിൽ റോഡിൽ ഇന്നലെയും വെള്ളപ്പൊക്കം ഉണ്ടായി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.