മൂന്നുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; തൃശൂരിന്റെ മഡഗാസ്കർ!
Monday, October 20, 2025 3:07 AM IST
രൂപകല്പന ജോണ്‍ കോ
ഓസ്ട്രേലിയൻ സൂ ഡിസൈനറായ ജോണ്‍ കോ രൂപകല്പന നിർവഹിച്ച പാർക്കാണിത്. വനംവകുപ്പിന്റെ 336 ഏക്കർ സ്ഥലത്ത്, കാടിന്റെ വന്യത ചോരാതെ പക്ഷി-മൃഗാദികൾക്ക് അനുയോജ്യമായ 23 ആവാസ ഇടങ്ങൾ ഒരുക്കിയിരിക്കുന്നു.

ആഫ്രിക്കൻ സുളു ലാൻഡ് സോണ്‍, കൻഹ സോണ്‍, സൈലന്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനത്തിനും വെവ്വേറെ ആവാസ വ്യവസ്ഥകളുണ്ട്. രാത്രിയിൽമാത്രം പുറത്തിറങ്ങുന്ന പക്ഷികൾ, ഉരുക്കൾ എന്നിവയ്ക്കും പ്രത്യേക സോണ്‍ ഉണ്ട്. മാനുകൾക്കായി സഫാരി പാർക്ക്, ഹോളോഗ്രാം സൂ, പെറ്റ് സൂ എന്നിവയുമുണ്ട്. സഞ്ചാരികളിൽനിന്ന് അകലംപാലിക്കാനും സുരക്ഷയുറപ്പാക്കാനും കിടങ്ങുകളുണ്ട്.
തൃശൂർ മൃഗശാലയിൽനിന്നുള്ള മൃഗങ്ങൾക്കുപുറമേ, തമിഴ്നാട്-കർണാടകയിൽനിന്ന് വെള്ളക്കടുവ, മഞ്ഞ അനാക്കോണ്ട എന്നിവയെ എത്തിക്കും. വിദേശത്തുനിന്ന് പച്ച അനാക്കോണ്ട, ജിറാഫ്, സീബ്ര എന്നിവയും എത്തും. നാലര കിലോമീറ്റർ ചുറ്റിക്കറങ്ങി കാണാൻ കാഴ്ചകളുണ്ട്. അഞ്ചു കേന്ദ്രങ്ങളിൽ കഫറ്റേരിയയുമുണ്ട്. 15 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ക്രമീകരണങ്ങൾ പാർക്കിലുണ്ട്. ദിവസവും ഏഴുലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. 500 കെവി സബ്സ്റ്റേഷനു പുറമേ സോളാർ സംവിധാനവും വൈദ്യുതിക്കായി ഒരുക്കി. പാർക്ക് തുറക്കുന്നതോടെ തൃശൂർ ടൂറിസം കോറിഡോറിന്റെ പ്രധാനപ്പെട്ട ഇടമായി പുത്തൂർ മാറും.
പാർക്ക് നിർമിക്കാൻ പ്ലാൻ ഫണ്ടിൽനിന്ന് 40 കോടിയും കിഫ്ബിയിൽനിന്ന് രണ്ടാംഘട്ടത്തിന് 122 കോടിയും മൂന്നാംഘട്ടത്തിനു 208.5 കോടിയുമടക്കം 370.5 കോടിയാണ് അനുവദിച്ചത്.
കോയുടെ വരവ്
സുവോളജിക്കൽ പാർക്കിന് ആധുനിക മാസ്റ്റർ പ്ലാൻ തയാറാക്കിയത് ജോണ്‍ കോയായിരുന്നു. 2012 മാർച്ച് രണ്ടിനു പുത്തൂരിലെ സ്ഥലം ജോൺ കോ സന്ദർശിച്ചു. അദ്ദേഹത്തിന്റെ നിർദേശം പരിഗണിച്ച് ആധുനിക കാലത്തിന് അനുയോജ്യമായ മാസ്റ്റർ പ്ലാൻ രൂപകല്പന ചെയ്തു. 2012 ജൂണ്‍ എട്ടിനു കേന്ദ്ര മൃഗശാല അഥോറിറ്റി സെക്രട്ടറി ബി.എസ്. ബോണാൾ നിർദിഷ്ടസ്ഥലം സന്ദർശിച്ചു. 2012 ഓഗസ്റ്റ് 28നു സുവോളജിക്കൽ പാർക്ക് മാസ്റ്റർ പ്ലാനിനു സെൻട്രൽ സൂ അഥോററ്റി അംഗീകാരം നൽകി.
ഉദ്ഘാടനം വിപുലം
സുവോളജിക്കൽ പാർക്ക് ഉദ്ഘാടനച്ചടങ്ങ് വിപുലമായ പരിപാടികളോടെയാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഘോഷയാത്ര. പുത്തൂർ, നടത്തറ, മാടക്കത്തറ, പാണഞ്ചേരി പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഘോഷയാത്ര. 28നു വൈകീട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ഇന്നു മിനി മാരത്തണ്‍: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തൃശൂർ മൃഗശാലയിൽനിന്ന് പാർക്കിലേക്ക്. നാളെ ഉച്ചകഴിഞ്ഞു മൂന്നിന്: പെറ്റ് സൂ നിർമാണോദ്ഘാടനം. സ്പീക്കർ എ.എം. ഷംസീർ. 22ന് ഒല്ലൂർ മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളുടെയും സന്ദർശനം. 23ന് ജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സന്ദർശനം. 24നു മണ്ഡലത്തിലെ സിഡിഎസ് അംഗങ്ങളുടെ സന്ദർശനം. വൈകീട്ട് ആറിനു വാർഡുകളിൽ വികസനജ്യോതി തെളിക്കൽ. 25ന് വ്യാപാരികളുടെ സന്ദർശനം. ഉച്ചയ്ക്കു രണ്ടിന് അങ്കണവാടി ജീവനക്കാരുടെ കിച്ചണ്‍ ഫ്യൂഷൻ. തുടർന്ന് ഫുഡ് ഫെസ്റ്റ്. വൈകീട്ടു നാലിനു പുത്തൂർ മുതൽ പാർക്ക് വരെ സാംസ്കാരികഘോഷയാത്ര.
തുടർന്നു രാഗവല്ലി മ്യൂസിക് ബാൻഡിന്റെ പരിപാടി. 26നു രാവിലെ മുതൽ പുത്തൂർ പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകളുടെ കലാമേള. വൈകീട്ട് പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട്.
27നു വൈകീട്ട് വയലാർ സന്ധ്യ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറുക. 28ന് ഉദ്ഘാടനശേഷം ജയരാജ് വാര്യർ നയിക്കുന്ന സംഗീതപരിപാടിയുമുണ്ടാകും.
ആദ്യഘട്ടത്തിൽ വിദ്യാർഥികൾക്ക് മുൻഗണന
ഉദ്ഘാടനത്തിനുശേഷം പാർക്കിലേക്കു നിയന്ത്രിത അളവിൽ പ്രവേശനം അനുവദിക്കുമെന്നു ഡയറക്ടർ ബി.എൻ. നാഗരാജ്. പാർക്കിന്റെ ഔദ്യോഗിക വെബ്സെറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നൽകണം. വിദാർഥികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. ജനുവരിമുതൽ പൂർണമായും പ്രവേശനം അനുവദിക്കും.
വൈലോപ്പിള്ളി കവിതയിൽ തുടക്കം
തൃശൂർ മൃഗശാലയുടെ ശതാബ്ദിവേളയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൃഷ്ണമൃഗങ്ങൾ ചാകാനിടയായി. ഇതിൽ മനംനൊന്താണ് മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ "കൃഷ്ണമൃഗങ്ങൾ' എന്ന കവിതയെഴുതിയത്.

കവിത ചർച്ചയായയോടെ കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്കു മൃഗശാല മാറ്റാനുള്ള നീക്കത്തിനു തുടക്കമാവുകയായിരുന്നു. പിന്തുണയുമായി ഫ്രണ്ട്സ് ഓഫ് സൂ എന്ന സംഘടനയും രൂപീകരിച്ചു.
1994ൽ മുഖ്യമന്ത്രി കെ. കരുണാകരൻ മൃഗശാലമാറ്റത്തിനു നിർദേശം നൽകി. സൂ ആൻഡ് മ്യൂസിയം വകുപ്പും വനംവകപ്പുമായുള്ള തർക്കം പദ്ധതി വൈകിച്ചു. 2006ൽ കെ.പി. രാജേന്ദ്രൻ വനംമന്ത്രിയായപ്പോൾ പുത്തൂരിലേക്കു മാറ്റാൻ നടപടി തുടങ്ങി. 2010 ജൂലൈ അഞ്ചിനു ആധുനികമൃഗശാലയുടെ നിർമാണവും ചുറ്റുമതിലിന്റെ ശിലാസ്ഥാപനവും അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവഹിച്ചു. വനംവകുപ്പിന്റെ ഉടക്കിൽ വീണ്ടും നിർമാണം മുടങ്ങി.
2011ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ നിർമാണം വനംവകുപ്പിനെ ഏൽപ്പിച്ചു. 2013 മാർച്ച് 16ന് ഉമ്മൻചാണ്ടി നിർമാണോദ്ഘാടനം നടത്തി. വീണ്ടും നടപടികൾ ഇഴഞ്ഞു. 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ പാർക്കിനെ അഭിമാനപദ്ധതിയാക്കി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചു. കിഫ്ബി ഫണ്ട് അനുവദിച്ചു. നിർമാണം വേഗത്തിലായി.
2023 ഒക്ടോബർ രണ്ടിനു വന്യജീവിവാരാഘോഷങ്ങളുടെ ഉദ്ഘാടനം പാർക്കിൽ നടന്നു. അന്നുതന്നെ തൃശൂർ മൃഗശാലയിൽനിന്നു മയിലുകളെ എത്തിച്ചു. പലയിടങ്ങളിൽനിന്ന് പിടികൂടിയ കടുവകളും പുലികളും പാർക്കിലെത്തി. 2025 ഓഗസ്റ്റ് 10ന് മാൻ സഫാരി പാർക്കിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു.
ഹിപ്പോ മുതൽ മയിൽവരെ
തൃശൂർ മൃഗശാലയിൽനിന്ന് സുവോളജിക്കൽ പാർക്കിലേക്കു മാറ്റുക ഹിപ്പപ്പൊട്ടാമസ് മുതൽ മയിൽവരെ. 419 പക്ഷിമ്യഗാദികളാണ് മൃഗശാലയിലുള്ളത്. ഇരുനൂറിലധികം പക്ഷികളെയും മൃഗങ്ങളെയും മാറ്റിക്കഴിഞ്ഞു. ഹിപ്പോ-മൂന്ന്, പുലി-ഒന്ന്, സിംഹം- ഒന്ന്, മുതല- മൂന്ന്, പാന്പുകൾ, മാനുകൾ, മയിലുകളെയാണ് ഇനി മാറ്റാനുള്ളത്.
സിംഹവും കടുവകളും പ്രായമായവയാണ്. പാർക്കിലേക്കു വിദേശത്തുനിന്ന് പക്ഷിമൃഗാദികളെത്താൻ കുറഞ്ഞത് അഞ്ചുമാസം കാത്തിരിക്കണം. ജിറാഫ്, സീബ്ര, ആഫ്രിക്കൻ മാൻ, മക്കാവോ, അനാക്കോണ്ട എന്നിങ്ങനെ 35 ഇനം മൃഗങ്ങളെ എത്തിക്കാൻ ടെൻഡർ നടപടി തുടങ്ങി. മൂന്ന് ഏജൻസികൾ താത്പര്യം അറിയിച്ചിട്ടുണ്ട്. ടെൻഡർ പൂർത്തിയായാൽ കേന്ദ്ര സൂ അഥോറിറ്റിയുടെ അനുമതി തേടും.
പുത്തൂരിനു വികസനസാധ്യതകൾ
പാർക്ക് തുറക്കുന്നതോടെ പുത്തൂരിനു വികസനസാധ്യതകൾ ഏറെ. കാർഷികമേഖലയായ പുത്തൂരിലെ ചെറുകിടസംരംഭങ്ങൾ, ടൂറിസം എന്നിവ കുതിക്കും. പുത്തൂരിന്റെ സ്വപ്നപദ്ധതിയായ കായൽ ടൂറിസം സർക്കാരിന്റെ പരിഗണനയിലാണ്. നഗരസഞ്ചയന പദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞ ബജറ്റിൽ പദ്ധതിക്കു സംസ്ഥാനസർക്കാർ തുക വകയിരുത്തി. മരോട്ടിച്ചാൽ ഓലക്കയം വെള്ളച്ചാട്ടം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചു. സുവോളജിക്കൽ പാർക്ക് യാഥാർഥ്യമായതിൽ സന്തോഷമെന്നു ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറി എം. പീതാംബരൻ പറയുന്നു.
മൃഗങ്ങൾക്കു മെച്ചപ്പെട്ട ആവാസവ്യവസ്ഥയുണ്ട്. മുപ്പതുവർഷത്തെ പരിശ്രമങ്ങൾക്കാണു ഫലമുണ്ടാകുന്നത്. ദീപികയും രാഷ്ട്രദീപികയും 1995 മുതൽ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചു. മാധ്യമങ്ങളുടെ സഹകരണം ലഭിച്ചതാണ് പക്ഷിമൃഗാദികൾക്കു മികച്ച ആവാസയിടങ്ങൾ സാധ്യമാവാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മുഖംമിനുക്കി റോഡുകൾ
പുത്തൂരിലേക്കുള്ള റോഡുകളുടെ നിർമാണവും തകൃതിയാണ്. തൃശൂരിൽനിന്ന് ഏഴു കിലോമീറ്റർ ദൂരമാണുള്ളത്. സർക്കാർ പണം അനുവദിച്ചതോടെ ബിഎംബിസി നിലവാരത്തലാണു നിർമാണം. സ്ഥലമേറ്റെടുക്കാൻ 47.30 കോടിയും റോഡ് നിർമാണത്തിനു 41.29 കോടിയും അനുവദിച്ചു.
പുത്തൂർ പാലത്തിനു സമാന്തരമായി 10 കോടി രൂപ ചെലവിൽ മറ്റൊരു പാലവും നിർമിച്ചു. ഇതു പുത്തൂരിന്റെ മുഖഛായ മാറ്റും. തൃശൂർ ജൂബിലി ആശുപത്രി മുതൽ കുട്ടനെല്ലൂർ മാൾ വരെയുള്ള റോഡിന്റെ നവീകരണമാണ് നടക്കുന്നത്. കാനകൾ, കൾവർട്ട് നിർമാണമടക്കം കുട്ടനെല്ലൂർ മേൽപ്പാലം മുതൽ സുവോളജിക്കൽ പാർക്ക് വരെയുള്ള റോഡിന്റെ പണികൾ പുരോഗമിക്കുന്നു. വൈദ്യുതി തൂണുകളാണ് ഇനി മാറ്റിസ്ഥാപിക്കാനുള്ളത്.