മുല്ലപ്പെരിയാർ: ജലനിരപ്പ് 139 അടി പിന്നിട്ടു
Monday, October 20, 2025 3:07 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയുടെ 13 ഷട്ടറുകൾ വീണ്ടും ഉയർത്തി. ഇന്നലെ രാവിലെ ഒൻപത് മുതൽ ഒന്നര മീറ്ററാണ് ഷട്ടറുകൾ ഉയർത്തി വച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ച മുതൽ ഇന്നലെ രാവിലെ വരെ ഒരു മീറ്റർ ഉയരത്തിലാണ് ഷട്ടറുകൾ ഉയർത്തിയിരുന്നത്. സെക്കൻഡിൽ 10,178 ഘനയടി ജലം പെരിയാറ്റിലേക്ക് അണക്കെട്ടിന്റെ ഷട്ടറുകൾ വഴി ഒഴുക്കിയിരുന്നു.
സെക്കൻഡിൽ 11,892 ഘനയടി വെള്ളം വ്യഷ്ടിപ്രദേശത്ത് നിന്നും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1389 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രിയിലെ കനത്ത മഴയിൽ 40,733 ഘനയടി ജലം സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയതോടെയാണ് തമിഴ്നാട് ഷട്ടറുകൾ ഒരു മീറ്റർ ഉയർത്തിയത്. ഇന്നലെ ഒന്നര മീറ്റർഷട്ടറുകൾ ഉയർത്തിയപ്പോൾ പെരിയാറ്റിൽ ആറ് അടിയോളം ജലനിരപ്പ് ഉയർന്നു. രാത്രി മഴ കനത്താൽ പെരിയാറ്റിലെ ജലനിരപ്പ് വീണ്ടും ഉയരും. അണക്കെട്ടിന് സമീപമുള്ള വള്ളക്കടവ്, കറുപ്പ് പാലം, വണ്ടിപ്പെരിയാർ, അയ്യപ്പൻകോവിൽ പാറമട തുടങ്ങി പെരിയാർ തീരങ്ങളിലെ വീടുകളിൽ വ്യാപകമായി വെള്ളം കയറിട്ടുണ്ട്.