പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേയിൽ കേരളം ഒന്നാമത്
Tuesday, October 21, 2025 12:14 AM IST
തിരുവനന്തപുരം: പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ ഇന്ത്യ ടുഡേ ഗ്രൂപ്പ് നടത്തിയ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ (ജിഡിബി) സർവേയിൽ കേരളം ഒന്നാമത്.
രാജ്യത്തെ 20 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും പൗരബോധം, പൊതുസുരക്ഷ, ലിംഗഭേദ നിലപാടുകൾ, വൈവിധ്യം, വിവേചനം എന്നീ നാലു പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സമഗ്രമായ സാമൂഹിക പഠനത്തിലൂന്നിയതായിരുന്നു സർവേ.
മൊത്തത്തിലുള്ള സൂചികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച കേരളം, നാലു വിഷയങ്ങളിലും മാതൃകാപരമായ പ്രകടനമാണ് കാഴ്ചവച്ചത്. പൊതുക്ഷേമത്തിന് പ്രാധാന്യം നൽകുന്നതും സാമൂഹിക നിയമങ്ങൾ പാലിക്കുന്നതിലുള്ള പ്രതിബദ്ധതയും കേരളീയർക്കിടയിലെ ഉയർന്ന പൗരബോധത്തെ വെളിപ്പെടുത്തുന്നതായി സർവേ പറയുന്നു.