തുലാമഴയും ശക്തം; ഇടുക്കിയിൽ ജലനിരപ്പ് 2384.06 അടിയായി ഉയർന്നു
Tuesday, October 21, 2025 12:14 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2384.06 അടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 2373.52 അടിയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് നിലവിൽ 10.54 അടിവെള്ളം കൂടുതലാണ്. സംഭരണശേഷിയുടെ 78.34ശതമാനമാണിത്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 2.34 അടിവെള്ളം അണക്കെട്ടിൽ ഉയർന്നു.
മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്നു സ്പിൽവേ തുറന്ന് ഒഴുക്കുന്ന വെള്ളവും ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുന്നത്. ഇതിനു പുറമെ തുലാവർഷം ശക്തമായതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. നിലവിലെ റൂൾകർവനുസരിച്ച് 2390.86 അടിയിലെത്തിയാൽ ബ്ലൂ അലർട്ടും 2396.86 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2497.86 അടിയിലെത്തിയാൽ റെഡ് അലർട്ടും 2398.86 അടിയിലെത്തിയാൽ അണക്കെട്ട് തുറക്കുകയും ചെയ്യും.
ഇതിനുള്ള സാധ്യത കുറവാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്താൽ മാത്രമേ അണക്കെട്ട് തുറക്കേണ്ട സാഹചര്യത്തിലേക്ക് എത്തുകയുള്ളൂ. ഇപ്പോഴത്തെ ജലനിരപ്പനുസരിച്ച് 14.08 അടിവെള്ളംകൂടി വേണം അണക്കെട്ട് തുറക്കാൻ.
അതേ സമയം സംസ്ഥാനത്ത് വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 80 ശതമാനം വെള്ളമുണ്ട്. വലിയ ഡാമുകളടങ്ങിയ ഗ്രൂപ്പ് ഒന്നിൽ 80 ശതമാനവും ഗൂപ്പ് രണ്ടിൽ 88 ശതമാനവും ഗ്രൂപ്പ് മൂന്നിൽ 73 ശതമാനവും വെള്ളമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം എല്ലാ അണക്കെട്ടുകളിലുമായി 69 ശതമാനമായിരുന്നു ജലനിരപ്പ്.
കഴിഞ്ഞ ഒരാഴ്ചയായി ഉച്ചകഴിഞ്ഞ് ലഭിക്കുന്ന മഴയും അവധിദിനങ്ങളും മൂലം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കുറവ് വന്നിട്ടുണ്ട്. ഇന്നലെ 76.696 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതിൽ 34.696 യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ 42.207 ദശലക്ഷം യൂണിറ്റും പുറത്തും നിന്നും എത്തിച്ചു. മൂലമറ്റത്ത് 10.655 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം.