ഇളപ്പാനി കൊലപാതകം ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവില്‍
Tuesday, October 21, 2025 12:14 AM IST
കോട്ടയം: അയര്‍ക്കുന്നം ഇളപ്പാനിയില്‍ ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചുമൂടിയതു ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവില്‍. മൂര്‍ഷിദാബാദ് സ്വദേശി സോണി (32) ആണ് ഭാര്യ അല്പനയെ (25) നിര്‍മാണത്തിലിരുന്ന വീടിനുപിന്നില്‍ കുഴിച്ചുമൂടിയത്.
അല്‍പനയ്ക്കു പ്രകാശ് മണ്ഡല് എന്നയാളുമായുള്ള സൗഹൃദവും ഫോണ്‍വിളിയും സോണി വിലക്കിയിരുന്നു. ബന്ധം തുടരുന്നതില്‍ പ്രകോപിതനായ പ്രതി ദിവസങ്ങള്‍ക്കു മുമ്പ് അല്പനയെ കൊല്ലാന്‍ പദ്ധതി തയാറാക്കിയിരുന്നതായി പോലീസ് പറഞ്ഞു. വിവാഹത്തിനു മുമ്പുതന്നെ അല്‍പനയ്ക്കു പ്രകാശുമായി സൗഹൃദമുണ്ടായിരുന്നെന്നും വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളായതിനുശേഷവും സൗഹൃദം തുടര്‍ന്നിരുന്നെന്നുമാണ് സോണിയുടെ മൊഴി.
അമയന്നൂര്‍ തൈക്കൂട്ടത്തില്‍ വാടകയ്ക്കു താമസിക്കുന്ന സോണിയും ഭാര്യയും ഈ മാസം ആറു മുതല്‍ 11 വരെ മറ്റു തൊഴിലാളികള്‍ക്കൊപ്പം മൃതദേഹം കുഴിച്ചിട്ട ഇളപ്പാനിയിലെ മണ്ണനാല് വീട്ടില്‍ പണിക്കു പോയിരുന്നു. പ്രദേശം വിജനമാണെന്ന് മനസിലാക്കി അല്പനയെ ഇവിടെ കൊലപ്പെടുത്തി കുഴിച്ചിടാന്‍ പദ്ധതിയിട്ടു.
ഈ മാസം 13നും ഫോണ്‍ വിളിയുമായി ബന്ധപ്പെട്ടു വഴക്കുണ്ടായി. ഇതോടെയാണ് പിറ്റേന്നുതന്നെ കൃത്യം നടത്താന്‍ തീരുമാനിച്ചത്. ഇരുവരും രാവിലെ ഏഴിന് ഇളപ്പാനിയില്‍ നിര്‍മാണം നടക്കുന്ന വീട്ടിലെത്തി. പതിവായി എട്ടരയ്ക്ക് ജോലിക്കെത്തിയിരുന്ന സോണി കൂടുതല്‍ ജോലിയുണ്ടെന്നു വീട്ടുടമസ്ഥന് അറിയിച്ചതായി അല്പനയോടു പറഞ്ഞിരുന്നു.
അവിടെയെത്തിയതോടെ ഫോണ്‍ വിളിക്കാര്യം പറഞ്ഞു സോണി മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചു. ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് അല്പനയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. അടുക്കള ഭാഗത്ത് എത്തിച്ചു കഴുത്തു ഞെരിച്ചു. മരണം ഉറപ്പാക്കാന്‍ കമ്പി പാരയെടുത്ത് തലയ്ക്കടിച്ചു കുഴിച്ചിടുകയായിരുന്നു.
അല്പനയുടെ ചെരുപ്പുകള്‍ വലിച്ചെറിഞ്ഞശേഷം സോണി അയര്‍ക്കുന്നത്തേക്കു മടങ്ങുകയും ചെയ്തു.
സോണി ഒറ്റയ്ക്കാണു കൃത്യം നിര്‍വഹിച്ചതെന്നും കുഴിയെടുത്തതിന്റെ ആഴവും രീതിയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസ് പറഞ്ഞു.
അൽപനയുടെ മരണകാരണം ഇരുന്പു കന്പി കൊണ്ട് തലയ്ക്കേറ്റ അടി
അല്പനയുടെ മരണകാരണം തലയ്ക്ക് ഇരുമ്പ് കമ്പി ഉപയോഗിച്ചേറ്റ അടിമൂലം തലയൊട്ടിപൊട്ടി രക്തം വാര്ന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കുറവിലങ്ങാട് താമസിക്കുന്ന അല്പനയുടെ ബന്ധു മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. മൃതദേഹം ഇന്നു മുട്ടമ്പലം ശ്മശാനത്തില്‍ സംസ്കരിക്കും. പ്രതിയായ സോണിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അയര്‍ക്കുന്നം പോലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. ശനിയാഴ്ച എറണാകുളം സൗത്തില്‍നിന്ന് അറസ്റ്റ് ചെയ്ത സോണിയെ ഞായറാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
അയര്‍ക്കുന്നം എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.