‘കബാലി’യുടെ ആക്രമണം വീണ്ടും; ഭയന്ന് കുന്നിൻചെരിവിലേക്കു ചാടിയ യുവാക്കൾ രക്ഷപ്പെട്ടു
Tuesday, October 21, 2025 12:14 AM IST
അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽ യാത്രികർക്കു നേരേ കാട്ടാന കബാലിയുടെ ആക്രമണം. ഭയന്ന് കുന്നിൻചെരിവിലേക്കു ചാടിയ യുവാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മിനിയാന്നു വൈകുന്നേരം അമ്പലപ്പാറയ്ക്കും ഷോളയാറിനും ഇടയിലാണ് സംഭവം. റോഡിൽ നിലയുറപ്പിച്ച കബാലി വഴിതടഞ്ഞതിനെതുടർന്ന് റോഡിൽ കുടുങ്ങിയ യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്.
റോഡിൽ നിന്നിരുന്ന ആന പെട്ടെന്ന് യാത്രക്കാർക്കു നേരേ തിരിയുകയായിരുന്നു. ഇതോടെ ചിലർ താഴ്ചയിലേക്കു ചാടി. ഒരാൾ താഴേക്ക് ഊർന്നുപോയെങ്കിലും മരത്തിൽ പിടിച്ച് രക്ഷപ്പെട്ടു. കാട്ടാന ഈ ഭാഗത്തുനിന്നു മാറിയതിനുശേഷം വനപാലകരും സഹയാത്രികരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
മിനിയാന്ന് ഉച്ചമുതൽ ആനമല പാതയിൽ വഴിമുടക്കിനിന്നിരുന്ന കബാലി രാത്രിവരെ റോഡിൽനിന്നു മാറിയില്ല. ഇടയ്ക്ക് റോഡിൽനിന്നു മാറിയെങ്കിലും വീണ്ടും റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് ആന റോഡിൽനിന്നു മാറിയത്.
നിരവധി ആളുകളാണ് മിനിയാന്നുമുതൽ കാനനപാതയിൽ കുടുങ്ങിയത്. അവധിദിനങ്ങളായതിനാൽ ധാരാളമായെത്തിയ വിനോദയാത്രികരും കുടുങ്ങിക്കിടന്നു. വാഹനനിര കിലോമീറ്ററുകളോളം നീണ്ടു. കെഎസ്ആർടിസിയുടെ പത്തോളം വിനോദയാത്രാബസുകളും സ്വകാര്യബസും കുരുക്കിൽപ്പെട്ടു. ഇതിനിടയിൽ ആന നാലു കാറുകൾ ആക്രമിച്ചു.
വനപാലകർ സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ആനയെ തുരത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പട്ട തിന്നുകൊണ്ടുനിന്ന കബാലി റോഡിൽനിന്നും മാറാൻ കൂട്ടാക്കിയില്ല. രാവിലെ എട്ടുവരെ റോഡിൽ നിലയുറപ്പിച്ച ആന ഷോളയാർ ഭാഗത്തുനിന്ന് 16 കിലോമീറ്റർ റോഡിലൂടെ നടന്ന് ആനക്കയം ഭാഗത്തുവച്ചാണ് കാടുകയറിയത്.
ഒരുമാസത്തിനിടെ രണ്ടാംവട്ടമാണ് കബാലി റോഡിലിറങ്ങി വാഹനങ്ങൾ തടയുന്നത്. തുടർച്ചയായി ഗതാഗതതടസം ഉണ്ടാക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്യുന്ന ആനയെ കാട്ടിലേക്കു തുരത്തണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.