പൂരത്തിരക്ക്; മെമുയാത്ര കൊടുംദുരിതം
Tuesday, October 21, 2025 12:14 AM IST
കൊച്ചി: മതിയായ കോച്ചുകള്‍ ഇല്ലാത്തത് മെമു യാത്രക്കാര്‍ക്ക് ദുരിതം തീര്‍ക്കുന്നു. എറണാകുളം– ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ 12 ല്‍നിന്ന് 16 കോച്ചുകളായി വര്‍ധിപ്പിച്ചെങ്കിലും ആഴ്ചയിലെ അവസാന പ്രവൃത്തിദിനങ്ങളില്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നത് അനിയന്ത്രിതമായ തിരക്കിനും അപകടങ്ങള്‍ക്കും വഴി വയ്ക്കുന്നു. യാത്രാദുരിതം ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങളും പരാതികളും റെയില്‍വേ അധികൃതര്‍ക്കു നല്‍കിയിട്ടും കാര്യമായ മാറ്റമില്ലെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു.
കഴിഞ്ഞദിവസം അങ്കമാലിയില്‍ നീങ്ങിത്തുടങ്ങിയ തിരക്കേറിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന് വീണു പരിക്കേറ്റിരുന്നു. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എറണാകുളം– ഷൊര്‍ണൂര്‍ മെമു ട്രെയിനില്നിന്നാണു യാത്രക്കാരന് വീണത്. അപകടശേഷം ചങ്ങല വലിച്ചാണു ട്രെയിന്‍ നിര്‍ത്തിയത്.
തിങ്ങിനിറഞ്ഞോടുന്ന ട്രെയിനിലേക്കു യാത്രക്കാരന് കയറാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ആവർത്തിച്ചുള്ള അപേക്ഷകള്‍ക്കൊടുവിലാണ് മെമുവില്‍ നാല് പുതിയ കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വെള്ളിയാഴ്ച അടക്കമുള്ള ദിവസങ്ങളില്‍ 12 കോച്ചുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം സ്ത്രീകള്‍ക്കു മാത്രമാണ്. ബാക്കി പത്തെണ്ണത്തില്‍ വേണം മറ്റു യാത്രക്കാര്‍ യാത്ര ചെയ്യാന്‍. ചവിട്ടുപടിയില്പോലും നിന്നും ഇരുന്നും യാത്ര ചെയ്യേണ്ട അപകടകരമായ സ്ഥിതിയാണുള്ളതെന്ന് യാത്രക്കാര്‍ പറയുന്നു.
ഓഫീസ് ജീവനക്കാരും വിദ്യാര്‍ഥികളും അടക്കം യാത്ര ചെയ്യുന്ന ട്രെയിനില്‍ പ്രവൃത്തിദിനത്തില്‍ പൂരത്തിരക്കാണ്. ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് ലഭിക്കുന്ന ആദ്യ ട്രെയിന്‍ എന്നനിലയില്‍ തിരക്ക് പല ദിവസങ്ങളിലും നിയന്ത്രണാതീതമാകും. ട്രെയിന്‍ പുറപ്പെടുമ്പോള്‍ത്തന്നെ നിറഞ്ഞുകവിയുന്ന സ്ഥിതി.
ഈ സാഹചര്യത്തില്‍ കോച്ചുകള്‍ 16 ആക്കി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇതിനു ശേഷമുളള എക്സിക്യൂട്ടീവ് എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് മെമുവിലെ തിരക്ക് നിയന്ത്രിക്കണമെന്നാണ് യാത്രക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.