എഡിജിപി അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്
സ്വന്തം ലേഖകൻ
Monday, December 23, 2024 5:21 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. അനധികൃത സ്വത്തു സന്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ് പിയുടെ ക്യാന്പ് ഓഫീസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് എഡിജിപി കുറ്റക്കാരനല്ലെന്നു വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സംസ്ഥാന പോലീസ് മേധാവിക്കു കൈമാറും.
കരിപ്പൂർ സ്വർണക്കടത്ത് അടക്കം അജിത്കുമാറിനെതിരേ പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയാണു വിജിലൻസ് റിപ്പോർട്ടെന്നാണു വിവരം. മൂന്നു മാസം നീണ്ട പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് അജിത് ക്ലീനാണെന്ന വിജിലൻസ് കണ്ടെത്തൽ. അദ്ദേഹത്തിനെതിരേ ഉയർന്ന ഒരു ആരോപണത്തിലും കഴന്പില്ലെന്നും റിപ്പോ ർട്ടിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടതിനാലാണ് വിജിലൻസ് അന്വേഷണങ്ങളിലെല്ലാം അദ്ദേഹത്തിനു ക്ലീൻ ചിറ്റ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
അജിത്തിനെതിരേ പ്രധാനമായി ഉയർന്ന നാല് ആരോപണങ്ങളാണ് അന്വേഷിച്ചത്. കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിനു സമീപം മൂ ന്നുനില ആഡംബര ബംഗ്ലാവ് നിർമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാ ൽ, എസ്ബിഐയിൽനിന്ന് 1.5 കോടി രൂപ വായ്പയെടുത്താണു വീട് നിർമിക്കുന്നതെന്നാണു വിജിലൻസ് കണ്ടെത്തൽ. ഇത് യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുള്ളതായാണു സൂചന.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനകം ഇരട്ടി വിലയ്ക്കു മറിച്ചു വിറ്റുവെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നുമായിരുന്നു അടുത്ത ആരോപണം. 2009 ലാണ് കോണ്ടൂർ ബിൽഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപയ്ക്ക് അജിത്കുമാർ കരാർ ഒപ്പിട്ടത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013ൽ കന്പനി ഫ്ലാറ്റ് കൈമാറി. പക്ഷേ, സ്വന്തം പേരിലേക്കു ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ വൈകി എന്നതിനുമാത്രമാണു തെളിവ്. നാലു വർഷം താമസിച്ച ശേഷം 65 ലക്ഷത്തിനു ഫ്ലാറ്റ് വിറ്റത് 2016ലാണ്.
വിൽപനയ്ക്ക് 10 ദിവസം മുന്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വന്തം പേരിലേക്കു രജിസ്റ്റർ ചെയ്യുകയായിരുന്നു. എട്ടു വർഷംകൊണ്ടുണ്ടായ മൂല്യവർധനയാണ് ഫ്ലാറ്റിലെ വിലയിലെ മാറ്റമെന്നാണു വിജിലൻസ് വിലയിരുത്തൽ.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ, എസ്പിയായിരുന്ന സുജിത്ദാസിന്റെ കാലത്താണ് കൂടുതൽ സ്വർണം പിടിച്ചതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതിചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാന്പ് ഓഫീസിലെ മരംമുറിയിലും അജിത്കുമാറിനെ ബന്ധിപ്പിക്കുന്ന തെളിവില്ല. അജിത് കുമാറിന് ഡിജിപി തസ്തികയിലേക്കു സ്ഥാനക്കയറ്റം നൽകാൻ ശിപാർശ ചെയ്ത തീരുമാനം മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെയാണ് ക്ലീൻ ചിറ്റ് നൽകാനുള്ള വിജിലൻസ് തീരുമാനം.