വിജയരാഘവനെ സിപിഎം പിബിയിൽനിന്നു നീക്കണമെന്ന് രമേശ് ചെന്നിത്തല
Monday, December 23, 2024 5:21 AM IST
തിരുവനന്തപുരം: സമൂഹത്തിൽ വർഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ. വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിൽനിന്നു നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരേ ക്രിമിനൽ കേസ് എടുക്കുകയും ചെയ്യണമെന്നു കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.
ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ വർഗീയവിഷം തുപ്പുകയാണു വിജയരാഘവൻ ചെയ്തത്. സിപിഎം ആർഎസ്എസിന്റെ നാവായി മാറി. അന്ധമായ മുസ്ലിം വിരുദ്ധതയുടെയും വെറുപ്പിന്റെയും ബഹിർസ്ഫുരണമാണു വിജയരാഘവനിലൂടെ പുറത്തുവന്നത്.
വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാർക്കിച്ചുതുപ്പുന്ന തരത്തിലുള്ള പ്രതികരണമാണു വിജയരാഘവൻ നടത്തിയത്. വയനാട്ടിലെ ജനങ്ങളോടു മാപ്പു പറയണം.
ഇടുക്കിയിലെ സഹകരണ സ്ഥാപനത്തിൽനിന്ന് സ്വന്തം നിക്ഷേപം തിരിച്ചു കിട്ടാത്തതിനെത്തുടർന്ന് നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.