രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ല: കെ. സുധാകരൻ
സ്വന്തം ലേഖകൻ
Monday, December 23, 2024 5:21 AM IST
കണ്ണൂർ: രമേശ് ചെന്നിത്തല ഇന്നലെ വന്ന രാഷ്ട്രീയ നേതാവല്ലെന്നും മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ലെന്നും കെ. സുധാകരൻ. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് ഒരു സ്വകാര്യ ചാനലിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. വി.ഡി. സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനത്തിനെതിരേയും സുധാകരൻ പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ പ്രതികരണം ശരിയായില്ല. അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇന്നലെ കടന്നുവന്ന് നേതാവായ ആളല്ല. വിദ്യാർഥി രാഷ്ട്രീത്തിലൂടെയാണു തുടക്കം- സുധാകരൻ പറഞ്ഞു.
വി.ഡി. സതീശന് അഹങ്കാരിയായ നേതാവാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. പക്വതയും മാന്യതയുമില്ല. സതീശന് പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടിയെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു.
അധികാര വടംവലിക്കുവേണ്ടി എല്ലാം കളഞ്ഞുകുളിക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. രമേശിനു സംസ്ഥാനത്ത് വേണമെങ്കിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാം. വെള്ളാപ്പള്ളിയെ ഞങ്ങൾ വിചാരിച്ചാൽ നല്ല നടപ്പ് നടത്താൻ കഴിയുമോയെന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരേയും സുധാകരൻ വിമര്‍ശനം ഉന്നയിച്ചു. വിജയരാഘവന് ലജ്ജയില്ലേ? എന്തു രാഷ്ട്രീയത്തിന്റെ പേരിലാണു പ്രിയങ്കയ്ക്കെതിരായ വിജയരാഘവന്റെ പ്രസംഗം? വിജയരാഘവനെ എന്തുകൊണ്ട് മുഖ്യമന്ത്രി തിരുത്തുന്നില്ലെന്നും കെ. സുധാകരൻ ചോദിച്ചു.
അംബേദ്കറെ അപമാനിച്ച അമിത് ഷായുടെ പ്രസംഗം അപലപനീയമാണെന്നും സുധാകരൻ പറഞ്ഞു. ജനാധിപത്യത്തിനെതിരായ കൊലവിളിയാണ് അമിത് ഷായുടെ പ്രസംഗം. ബിജെപിയും സിപിഎമ്മും കോൺഗ്രസിനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണു നടത്തുന്നത്. മാടായി കോളജ് നിയമനവിവാദത്തിൽ ഇരുകൂട്ടരുടെയും സസ്പെൻഷൻ പിൻവലിക്കും. നിയമനത്തിൽ തീരുമാനം എടുക്കേണ്ടതു ഭരണസമിതിയാണ്. അന്വേഷണസമിതിയുടെ റിപ്പോർട്ട് കിട്ടിക്കൊണ്ടിരിക്കുകയാണ്. കട്ടപ്പനയിൽ നിക്ഷേപകൻ സാബു ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് പഠിച്ചശേഷം പ്രതികരിക്കാമെന്നും സുധാകരൻ പറഞ്ഞു.