കോണ്‍ഗ്രസ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള സിപിഎം അജൻഡയാണ് ചിലർ ഏറ്റെടുക്കുന്നതെന്ന് കെ.സി. വേണുഗോപാൽ
Monday, December 23, 2024 5:21 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള സിപിഎമ്മിന്റെ അജൻഡയാണ് ഇപ്പോൾ മാധ്യമങ്ങൾ അടക്കമുള്ളവർ ഏറ്റെടുക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്.
വെള്ളാപ്പള്ളി നടേശൻ അഭിപ്രായം പറഞ്ഞതിൽ തെറ്റില്ല. വെള്ളാപ്പള്ളി നടേശനുള്ള മറുപടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ മറുപടി പറയാൻ താനുദ്ദേശിക്കുന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സിപിഎമ്മിന്റെ കെണിയിൽ കോണ്‍ഗ്രസുകാർ വീഴില്ല. കോണ്‍ഗ്രസ് മതനിരപേക്ഷ പാർട്ടിയാണ്.
എല്ലാ സമുദായങ്ങളെയും ഉൾക്കൊണ്ട് ചേർത്തു നിർത്തിയിട്ടുണ്ട്. എല്ലാ സമുദായങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്നതാണ് കോണ്‍ഗ്രസ് രീതി. ഒരു മതാധ്യക്ഷനെയും അപമാനിക്കുന്ന സമീപനം കോണ്‍ഗ്രസ് സ്വീകരിക്കില്ല. ഒന്നിനെയും നിഷേധിക്കില്ല.
എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഒന്നിപ്പിച്ചു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.