ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകളുടെ ഏകദിന പണിമുടക്ക് ജനുവരി 22ന്
സ്വന്തം ലേഖകൻ
Monday, December 23, 2024 5:13 AM IST
തിരുവനന്തപുരം: ജീവനക്കാർക്കെതിരേയുള്ള സംസ്ഥാന സർക്കാർ നടപടികൾക്കെതിരേ ഭരണ- പ്രതിപക്ഷ സർവീസ് സംഘടനകൾ ജനുവരി 22നു പണിമുടക്കു നടത്തും. സിപിഐ ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിനു പിന്നാലെ പ്രതിപക്ഷ സർവീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷനും (സെറ്റോ) ജനുവരി 22നു പണിമുടക്കു പ്രഖ്യാപിച്ചു. നേരത്തേ ജോയിന്റ് കൗണ്‍സിൽ ഒരു ദിവസത്തെ പണിമുടക്കിന് നോട്ടീസ് നൽകിയിരുന്നു.
പണിമുടക്കു പ്രഖ്യാപനത്തിനു മുന്നോടിയായുള്ള സമര പ്രഖ്യാപന കണ്വൻഷൻ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് അധ്യാപക ഭവനിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമര പ്രഖ്യാപന കണ്വൻഷൻ ഉദ്ഘാടനം ചെയ്യുക.
ക്ഷാമബത്ത, ശന്പള പരിഷ്കരണം, ലീവ് സറണ്ടർ, ശന്പള പരിഷ്കരണ കുടിശിക, പ്രഖ്യാപിച്ച ഡിഎയുടെ 78 മാസത്തെ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ഭരണ-പ്രതിപക്ഷ സമരം. സർക്കാരിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ അഭിമുഖ്യത്തിലുള്ള സർവീസ് സംഘടനകളുടെ പണിമുടക്കിനൊപ്പം പ്രതിപക്ഷംകൂടി രംഗത്തെത്തിയതോടെ സിപിഎം ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനകളാണു പ്രതിസന്ധിയിലായത്. കോണ്‍ഗ്രസും സിപിഐയും ഒരേ ദിവസം സർക്കാരിനെതിരേ പണിമുടക്ക് നടത്തുന്നു എന്ന രാഷ്ട്രീയ കൗതുകത്തിനുകൂടിയാണ് ജനുവരി 22ലെ പണിമുടക്ക് സാക്ഷ്യം വഹിക്കുക.
ഏതാനും ആഴ്ച മുൻപ് സിപിഐ ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തിയിരുന്നു. റോഡ് അടച്ച് സ്റ്റേജ് കെട്ടി നടത്തിയ സമരത്തിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ള നൂറുകണക്കിനു പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.