തഹസിൽദാർ പദവിയിൽനിന്ന് ഒഴിവാക്കണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
Sunday, November 10, 2024 1:03 AM IST
പത്തനംതിട്ട: കോന്നി തഹസില്‍ദാര്‍ തസ്തികയില്‍ നിന്നു തന്നെ മാറ്റണമെന്നും പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ടായി നിയമനം നല്‍കണമെന്നുമാവശ്യപ്പെട്ട് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ.
സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസിൽദാർ ജോലി. ഇതു നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. സമാന പദവിയായ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്ന അപേക്ഷ റവന്യു വകുപ്പിനു നൽകിയതായി മഞ്ജുഷ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തെത്തു ടര്‍ന്ന് മഞ്ജുഷ അവധിയിലാണ്. ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനു മുന്‍പായി നിയമനം മാറ്റിത്തരുമെന്ന പ്രതീക്ഷയിലാണ് റവന്യു വകുപ്പിനെ സമീപിച്ചിരിക്കുന്നത്.
മൊഴിയെടുക്കാതെ പ്രത്യേക സംഘം; കുടുംബം ഹൈക്കോടതിയിലേക്ക്
പത്തനംതിട്ട: എഡിഎം കെ. നവീൻ ബാബുവിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്ഐടി) ഇതേവരെയും തങ്ങളുടെ മൊഴിയെടുക്കാത്തതിൽ അതൃപ്തിയുമായി കുടുംബം.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘം തയാറാകാത്തതിനു പിന്നിൽ കേസ് ദുർബലമാക്കാനുള്ള നീക്കമാണെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കുകയാണ്. നവീൻ ബാബുവിന്റെ മരണത്തിനുശേഷം പത്തുദിവസങ്ങൾ കഴിഞ്ഞാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
ഇതിനിടെ, കേസിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയ്ക്കു ജാമ്യം ലഭിച്ചതിനെത്തുടർന്നുള്ള നിയമ നടപടികൾ കുടുംബം ഇന്നലെ അഭിഭാഷകരുമായി ചർച്ച ചെയ്തു.