കേരളം താങ്ങാനാകാത്ത ബാധ്യതയിലെന്ന് സിഎജി
Wednesday, October 16, 2024 2:25 AM IST
തിരുവനന്തപുരം: കേരളം താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകളിലാണെന്നു സിഎജി റിപ്പോര്‍ട്ട്.
കേരളത്തിന്റെ പൊതുകടം 2018-19 കാലയളവില്‍ 2.41 ലക്ഷം കോടിയില്‍നിന്ന് അവസാന അഞ്ചുവര്‍ഷ കാലയളവില്‍ 53.35 ശതമാനം വര്‍ധിച്ച് 2022-23ല്‍ 3 .70 ലക്ഷം കോടിയായി മാറിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 മാര്‍ച്ചു വരെയുള്ള കണക്കുകള്‍ പരിശോധിച്ചു തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇന്നലെ നിയമസഭയില്‍ വച്ചത്.
കടമെടുപ്പ് വഴിയുള്ള വരുമാനത്തിലെ 76.49 ശതമാനം മുതല്‍ 97.88 ശതമാനം വരെ കടത്തിന്റെ തിരിച്ചടവിനാണ് വിനിയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 2018-19 ലെ 7,88,286 കോടിയില്‍ നിന്നും 8.69 ശതമാനം വര്‍ധിച്ച് 2022-23ല്‍ 10,46,188 കോടിയായി. റവന്യു വരവുകള്‍ ഇതേ കാലയളവില്‍ 92,854.47 കോടിയില്‍നിന്ന് 1,32,724.65 കോടി രൂപയായി ഉയര്‍ന്നു.
റവന്യു വരവുകള്‍ ഇക്കാലയളവില്‍ 1,16,640.24 കോടിയില്‍നിന്ന് 13.79 ശതമാനം വര്‍ധിച്ച് 1,32,724.65 കോടി രൂപയായി. തനതു നികുതിവരുമാനം 2021-22ലെ 58,340.52 കോടിയില്‍നിന്ന് 23.36 ശതമാനം വര്‍ധിച്ച് 2022-23ല്‍ 71,968.16 കോടി രൂപയായി.
നികുതിയേതര വരുമാനം ഇതേ കാലയളവില്‍ 10,462.51 കോടിയില്‍നിന്ന് 15,117.96 കോടിയായി. റവന്യു ചെലവ് ഇക്കാലയളവില്‍ 1,46,119.51 കോടിയില്‍നിന്ന് 2.89 ശതമാനം കുറഞ്ഞ് 2022-23ല്‍ 1,41,950.93 കോടി രൂപയായി.
മൂലധന ചെലവ് 2021-22ലെ 14,19173 കോടി രൂപ എന്നതിനെ അപേക്ഷിച്ച് 2022-23ല്‍ 13,996.56 കോടിയായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.