ആവേശമായി രാഹുൽ മാങ്കൂട്ടത്തിൽ
Wednesday, October 16, 2024 12:22 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിറകേ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർഥിയായി അവതരിപ്പിച്ചതോടെ പാലക്കാട് മണ്ഡലത്തിൽ ആവേശമുയർന്നു. രാഹുലിന്റെ പേരു പ്രഖ്യാപിച്ചതു കോൺഗ്രസ് അണികളെ ഉണർത്തിക്കഴിഞ്ഞു.
ഇന്നലെതന്നെ ചുവരെഴുത്തുപോലും തുടങ്ങിയും പടക്കംപൊട്ടിച്ചുമൊക്കെയാണ് അവർ ആഘോഷിച്ചത്. മറ്റു പാർട്ടികളിൽ സ്ഥാനാർഥിചർച്ചകളും കണക്കുകൂട്ടലുകളും സജീവമാണ്. എത്രയും പെട്ടെന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കളത്തിലിറങ്ങാനാവും അവരുടെ നീക്കം.
സ്ഥാനാർഥികളാരെന്നതു എൽഡിഎഫും ബിജെപിയും ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണു സൂചനകൾ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുന്പേ മുന്നണികളിൽ സ്ഥാനാർഥിനിർണയചർച്ചകൾ സജീവമായിരുന്നു.
വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് മണ്ഡലം നിലവിലെ എംഎൽഎ ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചാല്‍ യുവത്വത്തിന്റെ വോട്ട് നിലനിര്‍ത്താനാകുമെന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടിയിരുന്നു. 2021ല്‍ ഷാഫിക്കായി പ്രചാരണം നയിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന രാഹുലിനു മണ്ഡലത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നതും കോൺഗ്രസിനെ തുണയ്ക്കും.
കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പുകളിലായി പാലക്കാട്ട് രണ്ടാംസ്ഥാനത്ത് എത്താറുള്ള ബിജെപി ഇത്തവണ ഒരുങ്ങിത്തന്നെയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകൾമാത്രമാണ് അവസാനഘട്ടത്തിലുള്ളത്. പാളയത്തിൽപ്പടയുള്ളതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകിയേക്കുമെന്നും സൂചനയുണ്ട്.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ സിപിഎം സ്ഥാനർഥിയാകുമെന്നാണ് അണിയറവൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന ആദ്യസിപിഎം വനിതാസ്ഥാനാർഥി കൂടിയാകും ബിനുമോൾ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മലന്പുഴ മണ്ഡലത്തിലെ മത്സരാർഥിയാകുമെന്നു പ്രതീക്ഷിച്ച ബിനുമോൾക്ക് അതിനുമുന്പേ പാലക്കാട്ട് നറുക്കുവീഴുകയാണെന്നും അടക്കംപറച്ചിലുകളുണ്ട്.
2021ല്‍ ബിജെപിയുമായി കടുത്ത മത്സരം നടന്ന പാലക്കാട് നിലനിര്‍ത്തുകയെന്നതു കോണ്‍ഗ്രസിന് അഭിമാനപ്രശ്നമാകുന്പോൾ മൂന്നാംസ്ഥാനം എന്ന സ്ഥിരംനാണക്കേട് മാറ്റാനാണ് സിപിഎം ലക്ഷ്യമിടുന്നത്. പാളയത്തിലെപ്പട മറികടന്നാൽ ജയിച്ചുകയറാനാകുമെന്നു ബിജെപി നേതൃത്വവും പ്രതീക്ഷിക്കുന്നു.
അടുത്തിടെ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രനേതൃത്വത്തിന് ഒരുവിഭാഗം കത്തയച്ചതു ഞെട്ടലോടെയാണ് പാർട്ടി കാണുന്നത്. കൃഷ്ണകുമാർ പാലക്കാട്ടും ശോഭ സുരേന്ദ്രൻ വയനാട്ടിലും സ്ഥാനാർഥിയായേക്കുമെന്നാണു അവസാനവട്ട വിശകലനങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. 54,079 വോട്ടുകള്‍ ഷാഫിക്കു നേടാനായപ്പോള്‍ ബിജെപിക്കായി മത്സരിച്ച മെട്രോമാന് ഇ. ശ്രീധരന് 50,220 വോട്ടുകള്‍ പിടിച്ചു മികച്ച മുന്നേറ്റം കാഴ്ചവച്ചു.
മൂന്നാംസ്ഥാനത്തെത്തിയ സിപിഎമ്മിന്റെ സി.പി. പ്രമോദിനു 36,433 വോട്ടുകളാണു ലഭിച്ചത്. 2016ല്‍ 17,483 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫിയുടെ വിജയം.
കല്‍പ്പാത്തി രഥോത്സവം: വോട്ടെടുപ്പ് തീയതി മാറ്റണമെന്ന്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി വിവിധ മുന്നണികള്‍ രംഗത്ത്.
കല്പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13. ഇക്കാര്യം ചൂണ്ടിക്കാട്ടി നവംബര്‍ 13, 14, 15 തീയതികളില്‍ വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്ന് മുന്നണികള്‍ ആവശ്യപ്പെടുന്നു.
ജില്ലയിലെ ജനങ്ങള്‍ ഒന്നടങ്കം ഭാഗമാകുന്ന പ്രധാന ആഘോഷമായതിനാല്‍ തന്നെ ഈ ദിനം വോട്ടെടുപ്പ് നടക്കുന്നത് പോളിംഗിനെ ബാധിക്കുമെന്നാണ് മുന്നണികളുടെ വിലയിരുത്തല്‍.