കാറ്ററിംഗ് സ്ഥാപന ഉടമ കുത്തേറ്റു മരിച്ചു
Monday, October 14, 2024 5:44 AM IST
വൈപ്പിൻ: നായരമ്പലത്ത് കാറ്ററിംഗ് സ്ഥാപന ഉടമയെ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ പ്രീതി എന്നു വിളിക്കുന്ന മോനിക്ക(45)യെ പോലീസ് കസ്റ്റഡിയിലെടുത്തു. നായരമ്പലം സെന്റ് ജോർജ് കാറ്ററിംഗ് സർവീസ് ഉടമയും നായരമ്പലം ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായ കുടുങ്ങാശേരി കടേക്കുരിശ് അറക്കൽ ജോസഫ് (ഓച്ചൻ-52) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറരയോടെ വീടിനു മുന്നിൽ വച്ചായിരുന്നു സംഭവം. ഗേറ്റിനു സമീപം നിന്ന് ഫോൺ ചെയ്യുന്നതിനിടെ പിന്നിലൂടെ എത്തിയാണ് കുത്തിയത്.
ഒച്ചകേട്ട് വീടിനോട് ചേർന്ന കാറ്ററിംഗ് യൂണിറ്റിൽ പണിയെടുത്തിരുന്ന തൊഴിലാളികളെത്തി ഞാറക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഞാറക്കൽ പോലീസ് വീട്ടിലെത്തി ഭാര്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവം നടന്ന സ്ഥലവും വീടും പോലീസ് ബന്തവസിലാണ്. കുറച്ചു നാളുകളായി ജോസഫും ഭാര്യയും തമ്മിൽ അസ്വാരസ്യത്തിലാണ് . ഇതു സംബന്ധിച്ച് പോലീസിൽ പരാതിയുമുണ്ട്. ഇതിനു ശേഷം ഇയാൾ നായരമ്പലത്ത് തന്നെയുള്ള തറവാട്ട് വീട്ടിലാണ് താമസം. ഭാര്യ വിവാഹ മോചന നോട്ടീസ് നൽകിയിരിക്കുന്നതിനിടയിലാണ് കൊലപാതകം.