അൻവറിന്റെ ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു: എം.വി. ഗോവിന്ദൻ
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അൻവറിന്റെ രാഷ്ട്രീയ പാർട്ടി വെറും പ്രഖ്യാപനത്തിൽ ഒതുങ്ങി.
എസ്ഡിപിഐ, ലീഗ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോൾ അൻവറെന്നും ഗോവിന്ദൻ പറഞ്ഞു.
എഡിജിപി എം.ആർ. അജിത്കുമാറിന്റെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ല. ആർഎസ്എസ് കൂടിക്കാഴ്ചയിൽ അടക്കം അന്വേഷണം നടക്കുന്നുണ്ട്. എം.കെ. മുനീറിന്റെ സ്വർണക്കടത്തു ബന്ധം പുറത്തുവന്നിട്ടും അതു നൽകാൻ മാധ്യമങ്ങൾ തയാറായില്ല. പ്രധാനമന്ത്രി കേരളം സന്ദർശിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഒരു സഹായവും നൽകിയില്ല.
കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നിയമസഭയിൽ പുഷ്പനെ അപമാനിക്കുന്ന നിലപാടാണ് മാത്യു കുഴൽനാടൻ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.