ബിഎസ്എൻഎല്ലിന് മൂന്നരക്കോടിയുടെ നഷ്ടം: ആപ്പുകൾ ബ്ലോക്കാക്കിയ ആൾക്കെതിരേ കേസ്
Saturday, October 12, 2024 1:48 AM IST
പയ്യന്നൂർ: റീചാർജ് ആപ്പുകളുൾപ്പെടെ ബ്ലോക്കാക്കി ബിഎസ്എൻഎല്ലിന് മൂന്നര കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.
ബിഎസ്എൻഎൽ പയ്യന്നൂർ സബ് ഡിവിഷണൽ എൻജിനിയർ മൂരിക്കൊവ്വലിലെ എ. പ്രശാന്തിന്റെ പരാതിയിലാണ് 137.97.123.83 എന്ന ഐപി അഡ്രസിലെ കംപ്യൂട്ടർ ഉടമയ്ക്കെതിരേ കേസെടുത്തത്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് പരാതിക്കാസ്പദമായ സംഭവം. ബിഎസ്എൻഎൽ പയ്യന്നൂർ ഡിവിഷനിലെ വൈഎം ട്രേഡ് ലിങ്ക് എന്ന പേരിലുള്ള ഫ്രാഞ്ചൈസിക്ക് കീഴിലെ 140 ഷോപ്പുകളുടെ ആപ്പുകളാണ് ബ്ലോക്കായത്.
137.97.123.83 ഐപി അഡ്രസിലുള്ള കംപ്യൂട്ടറിലൂടെ പ്രതി നിരന്തരം ഒടിപി അയച്ച് വളരെ വിദഗ്ദമായി ആപ്പുകൾ ബ്ലോക്കാക്കുകയായിരുന്നു.
ഇതോടെ ഫ്രാഞ്ചൈസിക്ക് കീഴിലുള്ള ഷോപ്പുകളിലെ റീചാർജിംഗ് ആപ്പും സിം ആക്ടിവേഷൻ സഞ്ചാർ ആധാർ ആപ്പും ബ്ലോക്കായി. ഇക്കാരണത്താൽ ഈ ഷോപ്പുകളിൽനിന്ന് ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാനോ പുതിയ സിമ്മുകൾ എടുക്കാനോ സാധിക്കാതെ വന്നു. ഇതോടെ ബിഎസ്എൻഎല്ലിന്റെ സേവനങ്ങളെപ്പറ്റി മോശമായ അഭിപ്രായങ്ങൾ ഉയരുകയും ബിഎസ്എൻഎല്ലിലെ ഉപയോക്താക്കൾ മറ്റു നെറ്റ്വർക്കുകളിലേക്ക് മാറുകയും ചെയ്തു. ഇത്തരത്തിൽ ഒന്നര വർഷത്തിനിടയിൽ ബിഎസ്എൻഎല്ലിന് മൂന്നര കോടിയോളം രൂപയുടെ ബിസിനസ് നഷ്ടമുണ്ടായെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഉപയോക്താക്കളിൽ നിന്നുയർന്ന പരാതികളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആപ്പുകൾ ബ്ലോക്കാക്കിയ വിരുതന്റെ കംപ്യൂട്ടർ ഐപി നമ്പർ കണ്ടെത്തി പോലീസിന് പരാതി നൽകിയത്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു.