കാണാതായ വിദ്യാർഥികളെ ആലുവയിൽ കണ്ടെത്തി
Friday, October 11, 2024 1:33 AM IST
ആലുവ: കോഴിക്കോട് പയ്യോളിയിലെ മദ്രസയിൽനിന്നു കാണാതായ നാല് വിദ്യാർഥികളെ ആലുവയിലെ ലോഡ്ജിൽനിന്നു കണ്ടെത്തി. ബുധനാഴ്ച രാത്രിമുതൽ വിവിധ ജില്ലകളിലായി നടത്തിയ പരിശോധനയിലാണ് ആലുവയിൽ ഇന്നലെ രാവിലെ വിദ്യാർഥികളെ കണ്ടെത്തിയത്.
15 നും 17നും ഇടയിൽ വയസുള്ള വിദ്യാര്‍ഥികളാണു മദ്രസയിൽനിന്ന് ബാഗും സാധനങ്ങളുമെടുത്ത് ഇറങ്ങിയത് . കൊച്ചിയിലേക്ക് വിനോദ സഞ്ചാരത്തിനു പോയതാകാമെന്ന് സഹപാഠികൾ സംശയം പ്രകടിപ്പിച്ച പ്രകാരമാണ് എറണാകുളം ജില്ലയിലും പോലീസ് തെരച്ചിൽ നടത്തിയത്.
ബുധനാഴ്ച രാത്രി 11.30 ന് ആലുവയിൽ ട്രെയിനിറങ്ങിയ ഇവർ മസ്ജിദിനു സമീപം വിശ്രമിച്ചശേഷം ഇന്നലെ രാവിലെ നഗരം കാണാനിറങ്ങിയപ്പോൾ ഊബർ ടാക്സി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അദ്ദേഹമാണു സംശയം തോന്നി പോലീസിനെ അറിയിച്ചത്.
പയ്യോളി പോലീസിൽ ഇവരെ കാണാതായതിന് കേസുണ്ട്. പയ്യോളി പോലീസിനൊപ്പമെത്തിയ ബന്ധുക്കൾക്കൊപ്പം കുട്ടികളെ ആലുവ പോലീസ് വിട്ടയച്ചു.
കഴിഞ്ഞ ദിവസം കുട്ടികൾ സിഗരറ്റ് വലിക്കുന്നതു ശ്രദ്ധയിൽപ്പെട്ട മദ്രസയിലെ അധ്യാപകൻ താക്കീത് നൽകുകയും രക്ഷിതാക്കളെ കൂട്ടി വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു വിദ്യാർഥിയുടെ രക്ഷിതാവ് മദ്രസയിലെത്തിയശേഷമാണു കുട്ടികളെ കാണാതായത്.