മുനമ്പത്ത് കുടിയിറക്കുഭീഷണി നേരിടുന്നവരെ ബിജെപി സംരക്ഷിക്കും: കെ. സുരേന്ദ്രൻ
Wednesday, October 9, 2024 12:44 AM IST
കൊച്ചി: വഖഫ് അവകാശവാദത്തെത്തുടർന്ന് മുനന്പത്ത് കുടിയിറക്കുഭീഷണി നേരിടുന്നവരുടെ ആവശ്യങ്ങൾക്കു ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതുവരെ ബിജെപി രാഷ്ട്രീയമായും നിയമപരമായും അവർക്കു സംരക്ഷണം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
മുനമ്പത്തെ ഭൂമിയിലുള്ള വഖഫ് അവകാശവാദത്തിനെതിരേ കൊച്ചിയിലെ വഖഫ് ബോർഡ് ഓഫീസിലേക്ക് ന്യൂനപക്ഷ മോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നു തലമുറകളായി മുനമ്പത്ത് തങ്ങളുടെ പൂർവികർ വിലകൊടുത്തു വാങ്ങിയ സ്ഥലത്തുനിന്നും വഖഫ് ബോർഡിന്റെ അനധികൃതമായ അവകാശവാദത്തെ തുടർന്നാണ് അവിടത്തുകാർ കുടിയിറക്കുഭീഷണി നേരിടുന്നത്.
2013ൽ കോൺഗ്രസ് നടപ്പിലാക്കിയ വഖഫ് നിയമമാണ് ഈ പ്രശ്നങ്ങളുടെ കാതൽ. വഖഫ് സ്വത്തുക്കൾ കൊള്ളയടിക്കുന്നതിൽനിന്നു വിശ്വാസികളെ സംരക്ഷിക്കാനാണ് ബിജെപി സർക്കാർ വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് മാർച്ച് നയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു, എൻ.പി. ശങ്കരൻകുട്ടി, എസ്. സജി, വി.കെ. ഭസിത്കുമാർ, വിനോദ് വർഗീസ്, ജോസഫ് പടമാടൻ, ബിജു മാത്യു, ഡെന്നി ജോസഫ്, സ്മിതാ മേനോൻ, പ്രീപ്തി രാജ് എന്നിവർ പ്രസംഗിച്ചു.