അപകട ഇന്‍ഷ്വറന്‍സ് നിഷേധിച്ചു; ഇന്‍ഷ്വറന്‍സ് കമ്പനി 2.35 ലക്ഷം നല്‍കണം
Wednesday, October 9, 2024 12:41 AM IST
കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്ന് ഭര്‍ത്താവ് മരിക്കുകയും കാർ പൂര്‍ണമായി തകരുകയും ചെയ്ത കേസില്‍ 2.35 ലക്ഷം നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
2023 മാര്‍ച്ചിൽ കുടുംബം യാത്ര ചെയ്ത കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചതുമായി ബന്ധപ്പെട്ട ഇന്‍ഷ്വറന്‍സ് ക്ലെയിം നിരസിച്ച നടപടിയാണ് ഭാര്യയും മാതാവും മക്കളും കോടതിയില്‍ ചോദ്യം ചെയ്തത്.
മുഴുവന്‍ ഇന്‍ഷ്വറന്‍സ് തുകയും ലഭിക്കാന്‍ കുടുംബത്തിന് അവകാശമുണ്ടെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്‍ഷ്വറന്‍സ് തുകയായ രണ്ടു ലക്ഷം രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം എതിര്‍കക്ഷികള്‍ പരാതിക്കാര്‍ക്കു നല്‍കണമെന്നാണ് ഉത്തരവ്.
കോതമംഗലം സ്വദേശിയായ സഫിയ ഷാംസ് ഉള്‍പ്പെടെ അഞ്ചുപേരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവും മറ്റൊരു യാത്രക്കാരനും മരിക്കുകയും കാര്‍ പൂര്‍ണമായി തകരുകയും ചെയ്തിരുന്നു.
കുന്നംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരമുള്ള സര്‍വേയര്‍ വാഹനം പരിശോധിച്ചു റിപ്പോര്‍ട്ടും നല്കി. അതുപ്രകാരമുള്ള ഇന്‍ഷ്വറന്‍സ് നല്‍കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.
എന്നാൽ, മുന്‍കൂട്ടി അറിയിക്കാതെ ആര്‍സി ബുക്ക് സറണ്ടര്‍ ചെയ്തുവെന്നും അതിനാല്‍ ഫൈനല്‍ സര്‍വേയറെ നിയമിക്കാന്‍ കഴിഞ്ഞില്ലെന്നും അക്കാരണത്താല്‍ ഇൻഷ്വറന്‍സ് തുക നല്കാന് കഴിയില്ലെന്നുമുള്ള നിലപാടാണ് ഇന്‍ഷ്വറന്‍സ് കമ്പനി സ്വീകരിച്ചത്.
പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.