"ഒരു വടക്കൻ വീരഗാഥ’ റീ റിലീസിന്
Wednesday, October 9, 2024 12:41 AM IST
തൃശൂർ: മമ്മൂട്ടി - എംടി - ഹരിഹരൻ ടീമിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഒരു വടക്കൻ വീരഗാഥ റീ റിലീസിന് ഒരുങ്ങുന്നു.
മോഹൻലാലിന്റെ ദേവദൂതനും മണിച്ചിത്രത്താഴും റീ റിലീസ് ചെയ്തപ്പോൾ മമ്മൂട്ടിയുടെ ആരാധകർ തങ്ങളുടെ സൂപ്പർതാരത്തിന്റെ ഏതു ചിത്രമാകും ആദ്യമായി റീ റിലീസായി എത്തുക എന്നു കാത്തിരിക്കുകയായിരുന്നു. രഞ്ജിത്ത് സംവിധാനംചെയ്ത പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ആണ് മമ്മൂട്ടിയുടെ ആദ്യ റീ റിലീസായി തിയറ്ററിൽ എത്തിയത്. വടക്കൻ വീരഗാഥ റീ റിലീസ് ചെയ്യുമെന്നു പറഞ്ഞുകേട്ടിരുന്നെങ്കിലും ഉറപ്പുണ്ടായിരുന്നില്ല.
എന്നാൽ, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ഒരു വടക്കൻ വീരഗാഥയുടെ റീ റിലീസ് ഒഫിഷൽ ടീസർ യൂട്യൂബിൽ അപ്ലോഡ് ചെയ്തു.
ടീസർ റിലീസ് ചെയ്തു മൂന്നു മണിക്കൂറിനുള്ളിൽ 45,000 പേരാണ് കണ്ടത്. ഇന്നലെ വൈകുന്നേരമായപ്പോൾ ഒന്നരലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
നിർമാതാവ് പി.വി. ഗംഗാധരന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണു ടീസർ തുടങ്ങുന്നത്. ടീസർ കണ്ട പ്രേക്ഷകർ പലരും ഇതേതെങ്കിലും യൂട്യൂബർമാർ പ്രേക്ഷകരെ പറ്റിക്കാൻവേണ്ടി എഡിറ്റ് ചെയ്ത ടീസർ ആണോ എന്ന സംശയവും പ്രകടിപ്പിച്ചു. മമ്മൂട്ടിതന്നെ ടീസർ ഷെയർ ചെയ്തതോടെ സംശയം മാറി.
സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളും സൂപ്പർ ഡയലോഗുകളും എല്ലാം ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമ കാണാൻ കട്ട വെയ്റ്റിംഗ് എന്നാണ് മിക്കവരുടെയും കമന്റ്. 4കെ അറ്റ്മോസ് സൗണ്ട് സിസ്റ്റത്തൽ ചന്തുവിന്റെയും മറ്റു കഥാപാത്രങ്ങളുടെയും ഉശിരൻ ഡയലോഗുകൾ കേൾക്കാൻ കാത്തിരിക്കുന്നുവെന്നും കമന്റുകളിലുണ്ട്.