തെരുവു നായ നിയന്ത്രണത്തിന് എബിസി റൂളിൽ കേന്ദ്ര ഭേദഗതി വേണം: വെറ്ററിനറി അസോസിയേഷൻ
Friday, July 4, 2025 2:00 AM IST
കണ്ണൂർ: തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനായുള്ള അനിമൽ ബർത്ത് കൺട്രോൾ ( എബിസി )റൂളിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവരണമെന്നും അതിലേക്കായി കേരള നിയമസഭ പ്രമേയം പാസാക്കണമെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.കെ.പി. മോഹൻകുമാർ. പ്രസ്ക്ലബിൽ സംഘടനയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നിലവിലെ നിയമ പ്രകാരം എബിസി നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് നേരിടുകയാണ്. ബ്ലോക്ക് അടിസ്ഥാനത്തിൽ എബിസി കേന്ദ്രങ്ങൾ ആരംഭിച്ചാൽ മാത്രമേ വർധിച്ചുവരുന്ന തെരുവ് നായ വർധന നിയന്ത്രിക്കാനാകൂ. 2000 നായകളെ എബിസി ചെയ്ത ഡോക്ടറെ മാത്രമേ ഇത്തരം ജോലിക്ക് നിയോഗിക്കാവൂ എന്നാണ് 2023 ലെ പുതിയ കേന്ദ്ര റൂളിൽ പറയുന്നത്.
നിലവിലെ എബിസി കേന്ദ്രങ്ങളിൽ അഞ്ചു വർഷം ജോലി ചെയ്താൽ മാത്രമേ പുതിയതായി കൂടുതൽ പേർക്ക് ഈ യോഗ്യത ലഭിക്കൂ. അതിനാൽ അടുത്ത അഞ്ചു വർഷം കേരളത്തിൽ പുതിയ എബിസി കേന്ദ്രം തുടങ്ങാനാകാതെ വരും. അങ്ങനെ വന്നാൽ അഞ്ചു വർഷത്തിനിടയിൽ നിലവിലുള്ളതും പുതിയതായി തെരുവിൽ ഉപേക്ഷിക്കുന്നതുമായ നായകൾ പെറ്റുപെരുകി നാട്ടിൽ കുഴപ്പമുണ്ടാക്കും.
എബിസി ചെയ്യുന്ന തെരുവ് നായയ്ക്കു പ്രജനനശേഷി നഷ്ടപ്പെടുമെങ്കിലും അവയ്ക്ക് പേ വിഷം ബാധിക്കുകയും കടിച്ചാൽ മനുഷ്യർക്ക് പേ വിഷബാധയേൽക്കുകയും ചെയ്യും. മാത്രമല്ല എബിസിക്കായി പിടികൂടിയ നായയെ കോടതി ഉത്തരവ് പ്രകാരം പിടിച്ചിടത്ത് കൊണ്ടു വിടുന്നതിനാൽ നായ ശല്യംകൂടിയ പ്രദേശത്ത് ശല്യം പഴയപടി തുടരുകയും ചെയ്യും. അതിനാൽ തെരുവുനായ ഷെൽറ്റർ ആരംഭിച്ച് തെരുവു നായകളെ സംരക്ഷിക്കുകയാണ് പോം വഴിയെന്നും അദ്ദേഹം പറഞ്ഞു.
പേ വിഷബാധയേറ്റ തെരുവു നായകളെ പിടികൂടി 3, 7, 14, 21 ദിവസങ്ങളിൽ വാക്സിൻ നൽകി 120 ദിവസം നിരീക്ഷിച്ചതിനുശേഷമാണ് പിടികൂടിയ സ്ഥലത്തേക്കു കൊണ്ടുവിടേണ്ടത്. എന്നാൽ പേ വിഷ ബാധയേറ്റതും രോഗബാധയില്ലാത്തതുമായ നായകളെ പിടികൂടി ഒരുമിച്ച് പാർപ്പിച്ചശേഷം കൃത്യമായി വാക്സിൻ നൽകാതെ തുറന്നുവിടുന്നത് സംസ്ഥാനത്ത് പേ ബാധിച്ച തെരുവു നായകളുടെ എണ്ണം കൂട്ടാൻ ഇടയാക്കുന്നതായി അദ്ദേഹം പറഞ്ഞു.