കെഎഎസ് പരീക്ഷാ മൂല്യനിർണയത്തിനെതിരേ നോട്ടീസ്; സംഘടനാ നേതാവിന്റെ സ്ഥാനക്കയറ്റം തടഞ്ഞ് സർക്കാർ
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: കെഎഎസ് പരീക്ഷാ മൂല്യനിർണയത്തിൽ കുറച്ച് ഉത്തരക്കടലാസുകൾ മാന്വലായി മൂല്യനിർണയം നടത്തിയതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സെക്രട്ടേറിയറ്റിലെ സംഘടനാ നേതാവിന്റെ സ്ഥാനക്കയറ്റം തടഞ്ഞ് സർക്കാർ.
കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റും നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമായ എം.എസ്. മോഹനചന്ദ്രന്റെ അഡീഷണൽ സെക്രട്ടറി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റമാണ് നിഷേധിച്ചത്. കഴിഞ്ഞ ദിവസം നിയമവകുപ്പ് പുറത്തിറങ്ങിയ സ്ഥാനക്കയറ്റ പട്ടികയിലെ ഒൻപതാം സ്ഥാനക്കാരനായ എം.എസ്. മോഹനചന്ദ്രനെ ഇക്കാര്യം പറഞ്ഞ് ഒഴിവാക്കി.
3,84,661 പേർ എഴുതിയ കെഎഎസ് പ്രാഥമിക പരീക്ഷയിൽ 9000 ഒഎംആർ ഷീറ്റുകൾ മാത്രം മാന്വലായി മൂല്യനിർണയം നടത്തിയതിലെ അസാംഗത്യം ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ 2020 ജൂണ്‍ 15ന് നോട്ടീസ് പ്രസിദ്ധീകരിച്ചു. അടുത്ത ദിവസം ധർണ നടത്തി. ഈ സംഭവത്തിൽ അച്ചടക്ക നടപടി ആരംഭിച്ചതിനെ തുടർന്നാണു സ്ഥാനക്കയറ്റം തടഞ്ഞത്.
മൂല്യനിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടി, പരീക്ഷ റദ്ദാക്കണമെന്നും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ സമരം. ഇതിന്റെ പേരിൽ നേതാക്കളായ കെ.ബി.നോദ്, എം.എസ്. മോഹനചന്ദ്രൻ, തിബീൻ നീലാംബരൻ, ഷിബു ജോസഫ് തുടങ്ങിയവർക്ക് എതിരേയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. മുൻപ് ജോയിന്റ് സെക്രട്ടറി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ സമയത്തും മറ്റൊരു നോട്ടീസിന്റെ പേരിൽ മോഹനചന്ദ്രന്റെ പ്രമോഷൻ ഒന്നര വർഷം വൈകിച്ചിരുന്നു.
സംഘടനാ നേതാക്കൾക്കു നേർക്ക് ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത പ്രമോഷൻ തടയുകയെന്ന കുടില നടപടി വരെ ഇടതു സർക്കാർ സ്വീകരിക്കുകയാണെന്നു സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു.
എതിർ ശബ്ദങ്ങൾ ഉയർത്തുന്നവരെ പിന്തുടർന്ന് ദ്രോഹിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയെ അപലപിക്കുന്നതായും അടിയന്തരമായി പ്രമോഷൻ നൽകണമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി. നൗഷാദ്, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഡി. ശ്രീനിവാസ് തുടങ്ങിയവർ ആവശ്യപ്പെട്ടു.