കോതമംഗലത്തെ പട്ടയപ്രശ്നത്തിന് ഒരു മാസത്തിനകം പരിഹാരം
Friday, July 4, 2025 2:00 AM IST
കൊച്ചി: കോതമംഗലം താലൂക്കില്‍ പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പരിഹരിക്കാന്‍ ധാരണ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കോട്ടയത്തു നടന്ന അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്. വനംവകുപ്പുമായി ബന്ധപ്പെട്ടാണ് സാങ്കേതിക തടസങ്ങള്‍ ഉള്ളത്. പ്രശ്നങ്ങള്‍ ഉന്നതതല യോഗം ചേര്‍ന്ന് പരിഹരിക്കാവുന്നതാണെന്ന് യോഗം നിരീക്ഷിച്ചു.
പന്തപ്ര ആദിവാസി നഗറിലെ സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. നിലവില്‍ 64 വീടുകളില്‍ 15 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പുനരധിവാസത്തിന് അനുവദിച്ച സ്ഥലത്തെ തേക്ക് മരങ്ങള്‍ മുറിക്കാന്‍ കഴിയാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായതെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഏലൂര്‍ നഗരസഭയില്‍ പ്രഖ്യാപിച്ചിട്ടുള്ള സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാൻ തീരുമാനമായി. സയന്‍സ് പാര്‍ക്ക് ആരംഭിക്കുന്നതിന് എച്ച്ഐഎല്‍ കമ്പനിയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് സ്ഥിതിചെയ്യുന്ന 22.11 ഏക്കര്‍ ഭൂമിയിലെ 15 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. എച്ച്ഐഎല്‍ കമ്പനി പാട്ടം റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ചെല്ലാനത്ത് രണ്ടാംഘട്ട ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മാണം വേഗത്തിലാക്കും. പി ആന്‍ഡി ടി കോളനി പുനരധിവാസ പദ്ധതി വിഷയത്തില്‍ സെപ്റ്റംബറില്‍ ഐഐടി മദ്രാസിന്റെ പഠന റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ആലുവ ആലങ്ങാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.