വിവാഹിതയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കില്ല: ഹൈക്കോടതി
Friday, July 4, 2025 2:00 AM IST
കൊച്ചി: വിവാഹിതയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിയായ പാലക്കാട് സ്വദേശിക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ നിരീക്ഷണം.
50,000 രൂപയുടെ സ്വന്തവും സമാനതുകയ്ക്കുള്ള മറ്റു രണ്ട് പേരുടെയും ബോണ്ട് കെട്ടിവയ്ക്കണമെന്നതടക്കം വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഹര്‍ജിക്കാരനെതിരേ കേസെടുത്തത്. തുടര്‍ന്ന് ജൂണ്‍ 13ന് അറസ്റ്റിലായി.
നിലവില്‍ വിവാഹിതയായ പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. സാമ്പത്തികതര്‍ക്കമാണ് പരാതിക്ക് കാരണമെന്നും വാദിച്ചു.
പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യൂഷന് തന്നെ സമ്മതിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.