ഇല്ലാതായത് നിർധനകുടുംബത്തിന്റെ ആശ്രയം
Friday, July 4, 2025 2:00 AM IST
തലയോലപ്പറമ്പ്: ബിന്ദു മരിച്ചതോടെ ഇല്ലാതായത് ഒരു നിർധനക്കുടുംബത്തിന്റെ ആശ്രയം. മരിച്ച ബിന്ദുവിന്റെ ഭർത്താവ് കെട്ടിടനിർമാണ തൊഴിലാളിയായ വിശ്രുതന്‍ മിക്കപ്പോഴും പണിയില്ലാത്തതിനാൽ കുടുംബം നടന്നിരുന്നത് ബിന്ദുവിനെ ആശ്രയിച്ചായിരുന്നു.
മകൻ നവനീത് സിവിൽ എൻജിനിയറിംഗ് പഠനത്തിനുശേഷം സ്വകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ മാസമാണ് ട്രെയിനിയായി കയറിയത്.
ആന്ധ്രപ്രദേശിലെ അപ്പോളോ നഴ്സിംഗ് കോളജിലെ അവസാനവർഷ വിദ്യാർഥിയായ മകൾ നവമിയുടെ പഠനച്ചെലവും നടത്താൻ ബിന്ദു എറെ പണിപ്പെട്ടിരുന്നു.
മക്കൾ സ്വന്തം കാലിൽ നിൽക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി മാറുമെന്നും അതിനായി എത്രവേണമെങ്കിലും അധ്വാനിക്കാൻ താനും ഭർത്താവും ഒരുക്കമാണെന്ന് പറഞ്ഞിരുന്ന ബിന്ദു ഇനിയില്ലെന്നത് തനിക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്ന് പറഞ്ഞ് വിശ്രുതൻ വിതുമ്പുന്നത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.