ഡോ. ഹാരിസിനു പിന്തുണയുമായി യൂറോളജിക്കൽ അസോസിയേഷൻ
Thursday, July 3, 2025 1:57 AM IST
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ അടിസ്ഥാന ശസ്ത്രക്രിയാ സൗകര്യങ്ങളില്ലെന്നു തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനു പിന്തുണയുമായി യൂറോളജിക്കൽ അസോസിയേഷൻ ഓഫ് കേരള. തന്റെ ഔദ്യോഗിക പരിമിതികളെല്ലാം മറികടന്നാണ് പൊതുസമൂഹത്തിനു മുന്നിൽ ഡോ. ഹാരിസ് നിസഹായത പങ്കുവച്ചത്.
അദ്ദേഹത്തിന്റെ ഉയർന്ന കർത്തവ്യബോധവും ധീരമായ നിലപാടും സത്യസന്ധതയും രോഗികളോടും വിദ്യാർഥികളോടുമുള്ള ആത്മാർഥതയും പ്രശംസയർഹിക്കുന്നുവെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.വി. വിനോദ് പറഞ്ഞു.
പരസ്പരം പഴിചാരിയും ആർക്കെതിരേയെങ്കിലും ശിക്ഷണ നടപടിയെടുത്തും പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം കാണുന്നത് അഭിലഷണീയമല്ല. രാജ്യത്ത് രൂപീകരിച്ച ആദ്യ യൂറോളജി ഡിപ്പാർട്ട്മെന്റുകളിൽ ഒന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേത്.
ആയിരക്കണക്കിന് രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഇവിടത്തെ യൂറോളജി വിഭാഗത്തിൽ അടിസ്ഥാന ശസ്ത്രക്രിയാ സൗകര്യങ്ങളില്ലെന്ന വാർത്ത പൊതുജനങ്ങൾക്കും ഡോക്ടർമാർക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ്. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ യൂറോളജി രോഗികളിൽ ഏറ്റവും അധികം ആവശ്യമായ ഒന്നാണ്.
ഇത്തരം അടിസ്ഥാന ചികിത്സകൾ വരെ മുടങ്ങുമ്പോൾ വേദനയുമായി വരുന്ന രോഗികളുടെ അവസ്ഥ അതിദയനീയമാണ്. നൂറുകണക്കിന് പിജി വിദ്യാർഥികൾ പരിശീലനം നേടുന്ന സ്ഥാപനമാണിത്. ചികിത്സ മുടങ്ങുന്നതോടൊപ്പം പിജി വിദ്യാർഥികളുടെ പരിശീലനവും താളം തെറ്റുന്നുണ്ടെന്ന വസ്തുത കാണാതെ പോകരുത്.
യൂറോളജി വിഭാഗത്തിനെ പഴയ പ്രൗഢിയിലേക്ക് എത്തിക്കാനുള്ള ഡോ. ഹാരിസിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാരും മെഡിക്കൽ കോളജ് അധികൃതരും പിന്തുണ നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.