രവാഡ ചന്ദ്രശേഖറിന്റെ നിയമനം: സര്‍ക്കാർ തീരുമാനത്തിനൊപ്പമെന്ന് പി. ജയരാജന്
Thursday, July 3, 2025 1:57 AM IST
കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്.
തന്റെ പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട്ട് പറഞ്ഞ നിലപാട് ആവര്‍ത്തിക്കുന്നുവെന്നും അതില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാനില്ലെന്നും പി. ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടി നിര്‍ദേശിക്കണ്ടതല്ല. സിപിഎമ്മിന്റെ നേതാക്കളെ താറടിച്ചു കാണിക്കാനാണു പ്രസ്താവനകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് ജയരാജന് കുറ്റപ്പെടുത്തി.
രവാഡ ചന്ദ്രശേഖറെ പുതിയ ഡിജിപിയായി നിയമിച്ചതിന് തൊട്ടുപിന്നാലെ കൂത്തുപറമ്പ് സംഭവം ഓര്‍മിപ്പിച്ച് ജയരാജന് രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് താനെന്ന് ജയരാജന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയത്.
അതേസമയം, കൂത്തുപറമ്പ് വെടിവയ്പില്‍ രവാഡയ്ക്കു പങ്കുണ്ടോ എന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പുതിയ ഡിജിപിയുടെ നിയമനം രക്തസാക്ഷി കുടുംബം ഉള്‍ക്കൊള്ളുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല.
വലതുപക്ഷ മാധ്യമങ്ങള്‍ ഓരോ കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചിട്ടുണ്ടെന്നും ജയരാജന് ആരോപിച്ചു. മന്ത്രിസഭാ തീരുമാനങ്ങളിലോ സിപിഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ തന്റെ ഭാഗത്തുനിന്ന് ഒരു വ്യതിചലനവും ഉണ്ടായിട്ടില്ല. സിപിഎമ്മിന്റെ എല്ലാ തീരുമാനവും അംഗീകരിച്ചാണ് നില്‍ക്കുന്നതെന്നും ജയരാജന് പറഞ്ഞു.