വയനാട്: വീടു നിർമാണം വൈകിയത് സർക്കാർ സ്ഥലം കണ്ടെത്തിനല്കാത്തതിനാലെന്നു കെപിസിസി
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നിർമാണം വൈകിയത് വീടു വയ്ക്കാനുള്ള ഭൂമി സർക്കാർ നൽകാത്തതിനാലാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാർട്ടികൾ ശേഖരിക്കുന്ന ഫണ്ട് കൈമാറണമെന്ന മനോഭാവമാണ് സർക്കാരിന്റേത്. പ്രളയ ദുരിതാശ്വാസ ഫണ്ടുകളിൽ സിപിഎം നേതാക്കൾ നടത്തിയ ക്രമക്കേടിൽ ആശങ്കയുള്ളതിനാലാണ് സർക്കാരിന്റെ നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കാതിരുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകൾ ഫണ്ട് ശേഖരിച്ച് ദുരന്തബാധിതർക്ക് വീടുവച്ചു നൽകുന്നതിനെ സർക്കാർ അഭിനന്ദിക്കുകയല്ലേ വേണ്ടതെന്നും സണ്ണി ജോസഫ് ചോദിച്ചു.
വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കെപിസിസി പ്രഖ്യാപിച്ച നൂറ് വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുന്ന നടപടി പൂർത്തിയായി വരുന്നെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ പറഞ്ഞു. അത് പൂർത്തിയാക്കുന്ന മുറയ്ക്ക് വയനാട് എംപികൂടിയായ പ്രിയങ്കാ ഗാന്ധിയുമായി ആലോചിച്ച് നിർമാണ പ്രവർത്തനങ്ങളിലേക്കു കടക്കും.
വീട് നിർമിക്കുന്നതിന് മൂന്ന് പ്ലോട്ടുകളാണ് കണ്ടെത്തിയത്. അതിൽ 5.6 ഏക്കർ ഭൂമിയുടെ കൈമാറ്റ നടപടികൾ അന്തിമഘട്ടത്തിലാണ്. അതിൽ ആദ്യഘട്ട നിർമാണ ജോലികൾ ആരംഭിക്കും. ഇതിന് ആവശ്യമായ ഫണ്ട് ശേഖരണം പുരോഗമിക്കുന്നു. സുതാര്യമായ രീതിയിലാണത് നടക്കുന്നത്. ഫണ്ട് സമാഹരിക്കാൻ ആപ്ലിക്കേഷന്‍ രൂപംനൽകിയിട്ടുണ്ട്.
ആർക്കും വേണമെങ്കിലും അതിൽ കയറി ഫണ്ടിന്റെ കാര്യങ്ങൾ മനസിലാക്കാം. വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ കോണ്‍ഗ്രസും യുഡിഎഫും സർക്കാരുമായി സഹകരിച്ചതാണ്. എന്നാൽ വീട് നിർമിക്കുന്നതിനുള്ള ഭൂമി സർക്കാർ നൽകിയില്ല.
സർക്കാരിന്റെ ഈ നിലപാടിനോട് കോണ്‍ഗ്രസിന് വിയോജിപ്പുള്ളതിനാലാണ് സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തി വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചതെന്നും എ.പി. അനിൽകുമാർ പറഞ്ഞു.