“രാജ്ഭവൻ പട്ടികയിൽനിന്നു പോലീസുകാരെ നിയമിക്കണം”: ഗവർണർ- ഡിജിപി കൂടിക്കാഴ്ച
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖർ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ കണ്ടു. ഗവർണർ- ഡിജിപി കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
രാജ്ഭവൻ ആവശ്യപ്പെട്ട പോലീസുകാരെ നിയമിച്ച ശേഷം തിരിച്ചുവിളിച്ച സർക്കാർ നടപടിയിലെ അതൃപ്തി ഗവർണർ സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചു. രാജ്ഭവനിൽ ഒഴിവുള്ള ആറു പോലീസുകാരുടെ നിയമനം എത്രയും വേഗം നടത്തണമെന്നു ഡിജിപിക്കു ഗവർണർ നിർദേശം നൽകിയതായാണു സൂചന.
രാജ്ഭവൻ നൽകുന്ന പട്ടികയിൽനിന്നുള്ള പോലീസുകാരെയാകണം ഇവിടേക്കു നിയമിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കീഴ്വഴക്കം ലംഘിക്കുന്ന നിലപാട് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന നിർദേശവും ഗവർണർ നൽകിയിട്ടുണ്ട്.
ഗവർണർ ആർ.വി. അർലേക്കറുമായി പ്രത്യേകമായിട്ടായിരുന്നു ചർച്ച. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളും ചർച്ചാവിഷയമായി. നേരത്തെ ഗവർണർ ഡിജിപിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രാജ്ഭവന്റെ സുരക്ഷയ്ക്കായി നിയമിച്ച ആറു പോലീസ് ഉദ്യോഗസ്ഥരെ 24 മണിക്കൂറിനകം ഉത്തരവ് റദ്ദാക്കി സ്ഥലംമാറ്റിയിരുന്നു.
ഗവർണറുടെ നീക്കങ്ങളറിയാൻ സർക്കാർ നിയോഗിച്ചിരുന്ന രണ്ടു പോലീസുകാരെ രാജ്ഭവൻ ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഡ്രൈവറും സിവിൽ പോലീസ് ഓഫീസറുമായിരുന്നു ഇവർ.