സംസ്ഥാനത്ത് വീണ്ടും നിപ്പയെന്നു സൂചന
Friday, July 4, 2025 2:00 AM IST
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ്പയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മണ്ണാർക്കാട് തച്ചനാട്ടുകര നാട്ടുകൽ പാലോടുള്ള യുവതിയാണു നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണു യുവതി.
പനിയെത്തുടർന്ന് ഇക്കഴിഞ്ഞ 26ന് യുവതി പാലോടിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടിയിരുന്നു. പനി കൂടിയതോടെ 30ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. നിലവിൽ രോഗി ഐസിയുവിലാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക സാന്പിൾ പരിശോധനയിൽ നിപ്പ കണ്ടെത്തിയിട്ടുണ്ട്.
പൂനയിലെ വൈറോളജി ലാബിൽനിന്നുള്ള പരിശോധനാഫലം ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാനാവൂ. ഇവർക്ക് എവിടെനിന്നാണു രോഗം പിടിപെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ സന്പർക്കപ്പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.