ശാസ്ത്രം എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധം: മുഖ്യമന്ത്രി
Friday, July 4, 2025 2:00 AM IST
കോട്ടയം: സയൻസ് സിറ്റി സമയബന്ധിതമായി പൂർണസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കുറവിലങ്ങാട് കോഴായിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധമാണു ശാസ്ത്രം.
നവോത്ഥാന കാലത്തു ശാസ്ത്രത്തെ വാഴ്ത്തി സയൻസ് ദശകം എഴുതിയ ചരിത്രമാണു കേരളത്തിനുള്ളതെന്നും പറഞ്ഞ മുഖ്യമന്ത്രി സയൻസ് സിറ്റി യാഥാർഥ്യമാക്കുന്നതിൽ ജോസ് കെ. മാണി എംപിയുടെ ഇടപെടൽ എടുത്തുപറയേണ്ടതാണെന്നും കൂട്ടിചേർത്തു.
മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, മന്ത്രി വി.എൻ. വാസവൻ എന്നിവർ മുഖ്യാതിഥികളായി.
എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ. ആശ, നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഡയറക്ടർ ജനറൽ എ.ഡി. ചൗധരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് എന്നിവർ പ്രസംഗിച്ചു.