രജിസ്ട്രാർക്കെതിരേ നടപടിയെടുക്കാൻ വിസിക്ക് അധികാരമില്ല: മന്ത്രി ബിന്ദു
Friday, July 4, 2025 2:00 AM IST
അടൂർ: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് ജോലിയിൽ തുടരുന്നതിനു തടസമില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു.
രജിസ്ട്രാറുടെ സസ്പെൻഷൻ വൈസ് ചാൻസലറുടെ അധികാരപരിധിയിൽ പെടാത്ത കാര്യമാണ്. രജിസ്ട്രാർക്കെതിരേ അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കറ്റിനാണെന്നും മന്ത്രി പറഞ്ഞു.
സിൻഡിക്കറ്റ് വിളിച്ചു വിഷയം ചർച്ച ചെയ്യുന്നതിനു പകരം രാഷ്ട്രീയലക്ഷ്യത്തോടെ നടപടിയെടുക്കാനാണ് വിസി ശ്രമിച്ചത്. സർവകലാശാലകളിൽ കാവിവത്കരണ അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ഗവർണർമാരായി നിയോഗിച്ചിട്ടുള്ള ചാൻസലർമാർ ശ്രമിക്കുന്നത്.
കാവിക്കൊടിയേന്തി സർവാഭരണ വിഭൂഷിതയായി പട്ടുസാരി ചുറ്റിനിൽക്കുന്ന ഒരു വനിത ആർഎസ്എസിന്റെ ബിംബമാണ്. അതിനെ ജനാധിപത്യ ഇന്ത്യയുടെ ബിംബമാക്കി മാറ്റാനുള്ള ശ്രമമാണ് ആസൂത്രിതമായി നടക്കുന്നത്.
ഡിജിറ്റൽ സർവകലാശാലാ വിസിക്ക് കേരള സർവകലാശാലയുടെ അധിക ചുമതല നൽകിയതും ശരിയായ നടപടിയല്ല. നിയമസഭ അംഗീകരിച്ച ബില്ലുകൾ ഗവർണർമാർ പിടിച്ചുവച്ചതിനെത്തുടർന്നാണ് വിസി നിയമനത്തിൽ അനിശ്ചിതത്വം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.