അലറിവിളിച്ച് നവനീത്
Friday, July 4, 2025 2:00 AM IST
ഗാന്ധിനഗര്‍: മോര്ച്ചറിക്കുള്ളിലെത്തി അമ്മയുടെ മൃതദേഹം കണ്ടപ്പോള്‍ “അമ്മേ”... എന്ന് അലറിവിളിച്ച് നവനീത് നിലത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ബിന്ദു മരിച്ചതറിഞ്ഞ് എറണാകുളത്തുനിന്നു മകന് നവനീതിനെ ബന്ധുക്കള്‍ വിളിച്ചുവരുത്തുകയായിരുന്നു.
ഇന്നലെ രാവിലെ നവനീത് അമ്മയെ ഫോണില്‍ വിളിച്ച് സഹോദരിയുടെ ചികിത്സാ വിവരങ്ങള്‍ തിരക്കിയിരുന്നതാണ്. പിന്നീടാണ് അമ്മയുടെ സഹോദരിയുടെ മകന് ഗിരീഷ് അടിയന്തരമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകുന്നതിനായി എത്തണമെന്ന് നവനീതിനെ ഫോണില്‍ വിളിച്ചറിയിച്ചത്.
ഉച്ചകഴിഞ്ഞ് നവനീതും ഗിരീഷും മറ്റു സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തി. മോര്‍ച്ചറിയില്‍ നിന്ന പോലീസ് ഉദ്യോഗസ്ഥന് നവനീതിനെ മോര്‍ച്ചറിയിലേക്കു കൊണ്ടുവരാന്‍ അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയുടെ വാഹനത്തില്‍ തന്നെ നവനീതിനെയും ഗിരീഷിനെയും മോര്‍ച്ചറിയിലേക്കു കൊണ്ടുവന്നു.
പോലീസ് മോര്‍ച്ചറിക്കുള്ളില്‍ കിടക്കുന്ന ബിന്ദുവിന്റെ അരികിലേക്ക് കൊണ്ടു ചെന്നപ്പോള്‍ അമ്മയെ തിരിച്ചറിഞ്ഞ നവനീത് അമ്മേ എന്ന് അലറിക്കരഞ്ഞ് നിലത്തേക്ക് വീണു. പിന്നീട് ഒരു വിധത്തിലാണ് നവനീതിനെ മോര്‍ച്ചറിക്ക് പുറത്തേക്ക് ഇറക്കിയത്.
എന്റെ അമ്മയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്നു കരച്ചിലിനിടയില്‍ നവനീത് അവര്‍ത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് നവനീതിനെ സമാധാനിപ്പിച്ചത്.