‘കെഎസ്ആര്‍ടിസി ജനങ്ങള്‍ക്കു വേണ്ടിയുള്ളതോ?
Friday, July 4, 2025 2:00 AM IST
കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃത ബോര്‍ഡുകളും ബാനറുകളും വിലക്കിയ ഉത്തരവുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ലംഘിക്കപ്പെടുന്നുവെന്ന് ഹൈക്കോടതി. യാത്രക്കാര്‍ക്ക് തടസമുണ്ടാക്കുംവിധം കൊടിതോരണങ്ങളും ഫ്ളക്സുകളും ഡിപ്പോകളില്‍ നിറയുകയാണ്.
കെഎസ്ആര്‍ടിസി ജനങ്ങള്ക്കുവേണ്ടിയുള്ളതാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു. ഡിപ്പോകളിലെ ബോര്‍ഡുകള്‍ നീക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
കെഎസ്ആര്‍ടിസി ഡിപ്പോകളിലെ അനധികൃത ബോര്‍ഡുകളും മറ്റും സംബന്ധിച്ച കാര്യം അമിക്കസ്ക്യൂറിയാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എറണാകുളം, നിലമ്പൂര്‍, നെയ്യാറ്റിന്‍കര, കിളിമാനൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍ ഡിപ്പോകളിലെ ചിത്രങ്ങളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചു.