തൃശൂർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ പിഴവെന്ന് ആരോപണം; കാൽമുട്ട് ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു
Friday, July 4, 2025 2:00 AM IST
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. അനസ്തേഷ്യയിലുണ്ടായ പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നൽകി.
അതിരപ്പിള്ളി വൈശേരി ചെട്ടിയാംപറന്പിൽ ശേഖരന്റെ മകൻ രാധാകൃഷ്ണൻ (52) ആണു മരിച്ചത്. ബൈക്കപടകത്തിൽ പരിക്കേറ്റ നിലയിൽ ഒരുമാസം മുന്പാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കാൽമുട്ടിനു ബുധനാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.
പരിശോധനകൾ പൂർത്തിയാക്കി അനസ്തേഷ്യ വിഭാഗത്തിൽ എത്തിച്ചു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും മരുന്നു കുത്തിവച്ചു. ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ രോഗിയെ പെട്ടെന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു ബന്ധുക്കളുടെ മുന്നിലൂടെ വേഗത്തിൽ കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കൾ വിവരങ്ങൾ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീടു രാധാകൃഷ്ണൻ മരിച്ചെന്ന വിവരമാണു പുറത്തുവന്നത്.
വിവരമറിഞ്ഞ് അതിരപ്പിള്ളിയിൽനിന്നു കൂടുതൽ ബന്ധുക്കളെത്തി പ്രതിഷേധിച്ചു. തുടർന്നു തൃശൂർ റൂറൽ പോലീസ് സൂപ്രണ്ട്, ചാലക്കുടി എസിപി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർക്കു അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് റിജേഷിന്റെ നേതൃത്വത്തിൽ പരാതിനൽകി.
പോലീസ് നടപടിയുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതു പൂർണമായും വീഡിയോയിൽ പകർത്തി. ഫോറൻസിക് വിഭാഗം മേധാവി ഡോ. ഉൻമേഷിന്റെ നേതൃത്വത്തിലുള്ള സർജന്മാരാണു നടപടികൾ പൂർത്തിയാക്കിയത്.
സംസ്കാരം നടത്തി. സംഭവത്തെക്കുറിച്ചു പോലീസ് ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു.