സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രം ; രജിസ്ട്രാർ നിയമനടപടിക്ക്
Friday, July 4, 2025 2:00 AM IST
തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ സർവകലാശാലാ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടിക്കെതിരേ നിയമപോരാട്ടത്തിന് രജിസ്ട്രാർ.
വൈസ് ചാൻസലറുടെ സസ്പെൻഷൻ മുഖവിലയ്ക്കെടുക്കാതെ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഇന്നലെയും സർവകലാശാല ആസ്ഥാനത്തെത്തി. വൈസ് ചാൻസലറുടെ ചട്ടവിരുദ്ധ നടപടിയെ നിയമപരമായി നേരിടുമെന്നും തന്റെ നിയമനാധികാരം സിൻഡിക്കറ്റിനാണെന്നും രജിസ്ട്രാർ പ്രതികരിച്ചു.
ഇതിനിടെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്കെതിരേ സ്വീകരിച്ച സസ്പെൻഷൻ നടപടി ഗുരുതരമായ വീഴ്ചയാണെന്നും ഈ വിഷയത്തിൽ അടിയന്തര സിൻഡിക്കറ്റ് യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് സിൻഡിക്കറ്റംഗം ജി. മുരളീധരൻ വിസിക്ക് കത്ത് നല്കി.
രജിസ്ട്രാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നിയമനാധികാരി സിൻഡിക്കറ്റാണ്. സിൻഡിക്കറ്റ് ചേരാനാകാത്ത സാഹചര്യങ്ങളിൽ അധികാരം ഉപയോഗിക്കാൻ വിസിക്ക് അധികാരം നല്കുന്ന സർവകലാശാലാ നിയമത്തിലെ 10 (13) ചട്ടമാണ് രജിസ്ട്രാറുടെ സസ്പെൻഷനുവേണ്ടി ഉപയോഗിച്ചത്. എന്നാൽ, സർവകലാശാലാ സിൻഡിക്കറ്റ് ചേരാൻ കഴിയാത്ത സാഹചര്യമില്ല എന്നിരിക്കെ ഇത്തരമൊരു നീക്കം വിസി നടത്തിയത് ആർക്കുവേണ്ടിയാണെന്നു വ്യക്തമാണെന്ന നിലപാടാണ് സിൻഡിക്കറ്റ് മുന്നോട്ടു വയ്ക്കുന്നത്.
വൈസ് ചാൻസലറുടെ അധികാരപരിധി മറികടന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സർവകലാശാലാ സിൻഡിക്കറ്റിന്റെയും തീരുമാനം. രജിസ്ട്രാർ കെ.എസ്. അനിൽകുമാറും നിയപോരാട്ടം നടത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.