ഡോ. പെരിയപ്പുറത്തിനു സഭയുടെ ആദരം
Friday, July 4, 2025 2:00 AM IST
കൊച്ചി: പദ്മഭൂഷൺ പുരസ്കാരം നേടിയ പ്രമുഖ ഹൃദയ ചികിത്സാ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയുമായ സീറോ മലബാർ സഭാംഗം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് സീറോമലബാർ സഭയുടെ ആദരം.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സഭാ ദിനാചരണ സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അദ്ദേഹത്തെ ഷാൾ അണിയിച്ച് ഉപഹാരം സമർപ്പിച്ചു.
സീറോമലബാർ സഭാംഗമെന്ന നിലയിൽ അഭിമാനത്തോടെയാണു ആദരം സ്വീകരിക്കുന്നതെന്നു ഡോ. ജോസ് ചാക്കോ പറഞ്ഞു. പാർശ്വങ്ങളിൽ സഞ്ചരിക്കുന്നവരെയും സഹജീവികളെയും കാരുണ്യത്തിന്റെ മനോഭാവത്തോടെ കാണാനും പരിചരിക്കാനും സ്നേഹിക്കാനുമുള്ള ദൗത്യത്തിന് സഭ വലിയ പ്രചോദനമാണ്. തനിക്കു ലഭിച്ച പുരസ്കാരങ്ങൾ നമ്മുടെ ആരോഗ്യമേഖലയ്ക്കാകെയുള്ള അംഗീകാരമാണെന്നും ഡോ. ജോസ് പറഞ്ഞു. ഡോ. ജോസ് ചാക്കോയുടെ പത്നി ജെയ്മിയും ചടങ്ങിനെത്തിയിരുന്നു.