വിശ്രുതന്‍ വിതുമ്പി, നവമി നിലവിളിച്ചു
Friday, July 4, 2025 2:00 AM IST
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിചരിക്കാനെത്തിയ അമ്മ അതിദാരുണമായി മരിച്ചതിന്റെ വേദനയിലാണ് മകള്‍ നവമി. ചൊവ്വാഴ്ച ആശുപത്രിയിലെത്തി നവമിക്ക് ന്യൂറോ സര്‍ജറി നടത്താന്‍ ദിവസം കാത്തു കഴിയുകയായിരുന്നു ഇരുവരും.
ഇന്നലെ രാവിലെ പത്തരയോടെയാണു കുളിക്കാനായി ബിന്ദു മുകള്‍ നിലയിലേക്കു പോയത്. കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണതിനു പിന്നാലെ രോഗികളെയും കൂട്ടിരിപ്പുകാരെയും അത്യാഹിത വിഭാഗത്തിലേക്കും മറ്റും മാറ്റിയ വേളയിലാണ് അമ്മ മടങ്ങിവന്നിട്ടില്ലെന്ന് നവമി ബന്ധുക്കളെയും സമീപത്തുണ്ടായിരുന്നവരെയും അറിയിച്ചത്.
സമീപത്തുള്ള കൂട്ടിരിപ്പുകാര്‍ പലയിടങ്ങളിലും തെരഞ്ഞിട്ടും ബിന്ദുവിനെ കണ്ടെത്താനായില്ല. കുളിമുറി പൂര്‍ണമായി തകര്‍ന്നതിനാല്‍ ബിന്ദു അപകടത്തില്‍പ്പെട്ടിരിക്കാമെന്ന് പലര്‍ക്കും സംശയമായി.
നവമിയുടെ നിലവിളിക്കൊപ്പം ഭീതിയും ആശങ്കയും ഉയര്‍ന്നു. ഇതേസമയം ആശുപത്രി ബ്ലഡ് ബാങ്കിലുണ്ടായിരുന്നു ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. വിവരമറിഞ്ഞ അദ്ദേഹം മകളുടെ അടുത്തേക്കും അപകടസ്ഥലത്തും ഓടിയെത്തി.
ഉച്ചയോടെ ഏവരുടെയും പ്രതീക്ഷകള്‍ തകര്‍ന്നു. നാട്ടിലും വീട്ടിലുംനിന്ന് ഒട്ടേറെപ്പേര്‍ പാഞ്ഞെത്തി. ഉറ്റവരൊന്നാകെ നോക്കിനില്‍ക്കെ ഹിറ്റാച്ചിക്കൈകള് ഇളക്കിമാറ്റിയ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ ചതഞ്ഞുമുറിഞ്ഞ നിലയിൽ ബിന്ദുവിനെ കണ്ടെത്തി.
അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മയുടെ അകാലവിയോഗമറിഞ്ഞ് മകന് നവനീത് ആശുപത്രിയില്‍ പാഞ്ഞെത്തി. നിലവിളിച്ചും പൊട്ടിക്കരഞ്ഞും മോര്‍ച്ചറിക്കു മുന്നില്‍ നിന്ന നവനീതിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല.