ഡാര്ക്ക്നെറ്റ്വഴി ലഹരി വ്യാപാരം: ദമ്പതിമാർ അറസ്റ്റില്‍
Friday, July 4, 2025 2:00 AM IST
കൊച്ചി: ഡാര്‍ക്ക്നെറ്റ് വഴിയുള്ള ലഹരി ഇടപാടില്‍ ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലേക്ക് ലഹരി കടത്തിയെന്ന കേസില്‍ റിസോര്‍ട്ട് ഉടമയായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെയാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ സ്വദേശി എഡിസന്റെ ഡാര്‍ക്ക്നെറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.
നേരത്തേ എഡിസണും സഹായിയായ അരുണ്‍ തോമസും പിടിയിലായിരുന്നു. ഇതോടെ ഡാര്‍ക്ക്നെറ്റ് വഴിയുള്ള ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇവരുടെ ലാപ്ടോപ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചുവരുകയാണ്.
ഇംഗ്ലണ്ടില്നിന്നുതന്നെയാണ് ദമ്പതിമാരും മയക്കുമരുന്ന് വാങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരം. പാഴ്സലുകളില്‍ എത്തിയിരുന്ന കെറ്റമിന്‍ ഉള്‍പ്പെടെയുള്ള ലഹരി ഓസ്ട്രേലിയയ്ക്ക് അയയ്ക്കും. എഡിസണും ഡിയോളും സുഹൃത്തുക്കളായിരുന്നു എന്നും സൂചനയുണ്ട്. രണ്ടു വര്‍ഷമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നതായാണ് എന്‍സിബിക്ക് ലഭിച്ച വിവരം.
റിമാന്‍ഡിലുള്ള എഡിസണ്, സുഹൃത്ത് അരുണ്‍ തോമസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്‍സിബി. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.