സിഎംഐ സഭാ വിദ്യാഭ്യാസ വർഷാചരണം
Friday, July 4, 2025 2:00 AM IST
വാഴക്കുളം: സിഎംഐ സഭാ സ്ഥാപനത്തിന്റെ 2031ലെ ഇരുനൂറാം വർഷത്തോടനുബന്ധിച്ച് ദശവത്സര കർമ പദ്ധതികൾ നടപ്പാക്കുന്നു. 2021 മുതൽ വിവിധ മേഖലകളിലാണ് പദ്ധതി നടപ്പാക്കിവരുന്നത്. വിദ്യാഭ്യാസ വർഷമായാണ് ഈ വർഷം ആചരിക്കുന്നത്. പ്രഥമ പരിപാടി നാളെ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ നടക്കും.
മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിനു കീഴിലുള്ള അധ്യാപക, അനധ്യാപക സംഗമമാണു നടക്കുന്നത്. രാവിലെ 10ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. സിഎംഐ സഭാ വികർ ജനറൽ റവ. ഡോ. ജോസി താമരശേരി അധ്യക്ഷത വഹിക്കും.
മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സിഎംഐ വിദ്യാഭ്യാസ പൈതൃകം സംബന്ധിച്ച് റവ. ഡോ. കുര്യൻ കാച്ചപ്പിള്ളി പഠന ക്ലാസ് നടത്തും.
മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷ്യാൾ റവ. ഡോ. മാത്യു മഞ്ഞക്കുന്നേൽ, സിഎംഐ ജനറൽ വിദ്യാഭ്യാസ കൗണ്‍സിലർ റവ. ഡോ. മാർട്ടിൻ മള്ളാത്ത്, ഡീൻ കുര്യാക്കോസ് എംപി, വിദ്യാഭ്യാസ കൗണ്‍സിലർ ഫാ. ബിജു വെട്ടുകല്ലേൽ തുടങ്ങിയവർ പ്രസംഗിക്കും.