കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ജനകീയ കാന്പയിന് ഇന്നു തുടക്കമാകും
Wednesday, October 2, 2024 1:51 AM IST
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം എന്ന കാന്പയിനിലൂടെ ഹരിതകേരള മിഷൻ മുഖേന മാലിന്യനിർമാർജനത്തിനായി ജനകീയ കാന്പയിന് ഗാന്ധി ജയന്തി ദിനമായ ഇന്ന് തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ബോധവത്കരണം, ശീലവത്കരണം, അടിസ്ഥാന സൗകര്യം, ജനകീയ പങ്കാളിത്തം, തുടങ്ങിയ ഘടകങ്ങളുള്ള ബൃഹദ് കാന്പയിനാണു ലക്ഷ്യമിടുന്നത്.
ജനവിഭാഗങ്ങളെയെല്ലാം അണിനിരത്തി, ചിട്ടയോടെയും കൃത്യമായ ആസൂത്രണത്തോടെയും മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യം സമയബന്ധിതമായി നേടിയെടുക്കാനാണ് കാന്പയിൻ. ഹരിതകേരള മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ, ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, മലിനീകരണ നിയന്ത്രണ ബോർഡ്, കുടുംബശ്രീ തുടങ്ങിയവയെല്ലാം പങ്കാളികളാകും.
നിരീക്ഷണം, ബോധവത്കരണം, പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഹരിത വിദ്യാലയങ്ങൾ, ഹരിത ഓഫീസുകൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത ടൂറിസം, വൃത്തിയുള്ള പൊതുസ്ഥലങ്ങളും മാർക്കറ്റുകളും, മാലിന്യമുക്ത നീർച്ചാലുകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഇതിൽ ഉൾപ്പെടും.
വൃത്തിയുള്ള വീടും പരിസരവും നാടും പരിഷ്കൃത സമൂഹത്തിന്റെ അടയാളവും സംസ്കാരവുമാണ്. എന്നാൽ വ്യക്തി ശുചിത്വത്തിൽ കേരളീയർ കാട്ടുന്ന ശുഷ്കാന്തി സാമൂഹിക ശുചിത്വത്തിൽ ഇല്ല. പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യം കാണപ്പെടുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. സ്വഭാവത്തിലും ശീലത്തിലും മാറ്റം വരുത്തി പ്രശ്നം പരിഹരിക്കണം.
ശരിയായ മാലിന്യസംസ്കരണം സാധ്യമല്ലാതെ വരുന്പോൾ ഭൂഗർഭജലം പോലും മലിനമാകും.ഇത് ശുദ്ധജലത്തിന്റെ ലഭ്യത ഇല്ലാതാക്കി രോഗവ്യാപനത്തിനു കാരണമാകും. മാലിന്യം ജലാശയങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും വലിച്ചെറിഞ്ഞു മാലിന്യക്കൂന സൃഷ്ടിക്കുന്നതിന് എതിരേയാണ് എതിർപ്പും പ്രതിഷേധവുമുണ്ടാകേണ്ടത്.
ചട്ടപ്രകാരം മാലിന്യസംസ്കരണം നടത്താത്തവർക്ക് പിഴ ചുമത്താനും അവർക്കെതിരേ നിയമനടപടി സ്വീകരിക്കാനുമുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്. ഇത്തരം നിയമലംഘനങ്ങൾ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുന്നതിൽ പൊതുസമൂഹം തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.