ഇരട്ടയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു
Friday, September 20, 2024 1:07 AM IST
കട്ടപ്പന: ഇരട്ടയാർ ഡാമിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങളുടെ മക്കൾ ഒഴുക്കിൽപ്പെട്ടു. നാട്ടുകാര്‍ ഒരു കുട്ടിയെ രക്ഷപ്പെടു ത്തി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുന്നു. കായംകുളം സ്വദേശി മുതുകുളംനടുവിലേയത്ത് പൊന്നപ്പൻ-രജിത ദമ്പതികളുടെ മകനാണ് മരിച്ച അതുൽ ഹർഷ് (13 ). ഉപ്പുതറ വളകോട് സ്വദേശി രതീഷ്-സൗമ്യ ദമ്പതികളുടെ മകനാണ് കണ്ടെത്താനുള്ള അസൗരേഷ് (12).
ഓണാവധി ആഘോഷിക്കാനാണ് ഇരട്ടയാർ ചേലക്കൽകവലയിലെ തറവാട് വീട്ടിലേക്ക് ഉപ്പുതറ വളകോട് സ്വദേശി അസൗരേഷും കായംകുളം സ്വദേശി അതുൽ ഹർഷും സഹോദരങ്ങളോടൊപ്പം എത്തിയത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും.
വ്യാഴാഴ്ച രാവിലെയാണ് ബന്ധുക്കളായ നാലു കുട്ടികൾ ഇരട്ടയാർ ഡാമിൽ കുളിക്കാനായി എത്തിയത്. വെള്ളത്തിലിറങ്ങിയതോടെ കാൽ വഴുതി അപകടം സംഭവിക്കുകയായിരുന്നു.
ഇവർ ഒഴുക്കിൽപ്പെട്ടതോടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ നിലവിളിച്ച് ആളുകളെ കൂട്ടി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അതുൽ ഹർഷിനെ കരയ്ക്ക് എടുത്ത ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ആസൗരേഷിനെ കണ്ടെത്താനായില്ല. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഇരട്ടയാർ ഡാമിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ അഞ്ചുരുളി ഡാമിലേക്ക് തെരച്ചിൽ നീട്ടി.