ഉരുൾ ദുരന്തം: ഗുരുതര വീഴ്ച
Wednesday, September 18, 2024 1:57 AM IST
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ചെലവുകളുടെ എസ്റ്റിമേറ്റ് തയാറാക്കിയത് ദേശീയ ദുരന്തപ്രതികരണ നിധി മാനദണ്ഡങ്ങൾക്കു വിരുദ്ധമായി.
ദുരന്ത പ്രതികരണ നിധി മാനദണ്ഡങ്ങൾക്കു വിരുദ്ധമായി എസ്റ്റിമേറ്റ് തയാറാക്കിയതിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ദുരന്തനിവാരണ വകുപ്പിനു ഗുരുതര വീഴ്ച സംഭവിച്ചതായാണു വിലയിരുത്തൽ.
ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരവും ചെലവും കണക്കാക്കാൻ സംസ്ഥാന തലത്തിൽ സംസ്ഥാന ദുരന്തപ്രതികരണ നിധി മാനദണ്ഡങ്ങൾ നിലവിലുണ്ട്.
എന്നാൽ, എസ്ഡിആർഎഫ് മാനദണ്ഡങ്ങൾക്ക് അനുസൃതമായും നോണ്‍ എസ്ഡിആർഎഫ് ഇനത്തിലും മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ നഷ്ടവും ചെലവുകളും അടങ്ങിയ കണക്കുകൾ വെറുതെ സൃഷ്ടിച്ചുവെന്നാണു പരാതി. ഇതിൽ സ്പോണ്‍സർഷിപ്പ് ലഭിച്ച തുകയും സർക്കാർ കണക്കിൽ ഉൾപ്പെടുത്തി. ദുരന്തത്തിൽ നഷ്ടമായ വാഹനങ്ങളുടെ എണ്ണവും ഇൻഷ്വറൻസ് ലഭി ക്കേണ്ട തുകയും ഉൾപ്പെടുത്തി.
വാഹനങ്ങളുടെ നഷ്ടത്തുക ഇൻഷ്വറൻസ് ഇനത്തിൽ ഉടമയ്ക്കു ലഭിക്കുമെന്നിരിക്കെയാണ് നഷ്ടങ്ങളുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്. 26 കോടിയുടെ വാഹനങ്ങൾ ദുരന്തത്തിൽ നഷ്ടപ്പെട്ടുവെന്നാണു ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
നോണ്‍ എസ്ഡിആർഎഫ് ഇനത്തിലാണ് വാഹനനഷ്ടം ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാട് ദുരന്തത്തിൽ 1202.12 കോടിയുടെ നഷ്ടമുണ്ടായതായാണ് സംസ്ഥാന സർക്കാരിന്റെ പട്ടികയിൽ വ്യക്തമാക്കുന്നത്.
എസ്ഡിആർഎഫ് ഇനത്തിൽ 614. 62 കോടിയുടെ നഷ്ടവും നോണ്‍ എസ്ഡിആർഎഫ് ഇനത്തിൽ 587.50 കോടിയുടെ നഷ്ടവും ഉണ്ടായി. ടൂറിസം മേഖലയിൽ 50 കോടിയുടെ നഷ്ടം, റിയൽ എസ്റ്റേറ്റ് മേഖലയിൽ 36 കോടിയുടെ നഷ്ടം, കൃഷിയെ ആശ്രയിക്കുന്ന മറ്റ് മേഖലകളുടെ നഷ്ടം 15 കോടി, ടൂറിസത്തെ ആശ്രയിക്കുന്ന മേഖലകളുടെ നഷ്ടം 23 കോടി, സർക്കാർ ആസ്തികൾ നഷ്ടപ്പെട്ടത് 56 കോടി അടക്കം 587.50 കോടി രൂപയുടെ നഷ്ടമാണ് നോണ്‍ എസ്ഡിആർഎഫ് ഐറ്റം ആയി പ്രൊപ്പോസലിൽ ഇടം പിടിച്ചിരിക്കുന്നത്.
എന്നാൽ, കർഷകരുടെ നഷ്ടത്തിന്റെ കാര്യത്തിൽ തുലോം തുച്ഛമായ തുകയാണ് ഉൾപ്പെടുത്തിയതെന്ന വൈരുധ്യവുമുണ്ട്. കാലിത്തൊഴുത്ത് നഷ്ടമായവർക്കു പുനർനിർമിക്കാൻ 3,000 രൂപ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 111 കർഷകർക്ക് കാലിത്തൊഴുത്ത് നഷ്ടമായ ഇനത്തിൽ 3.33 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രൊപ്പോസലിൽ പറയുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാൻ 42.5 ലക്ഷം രൂപയാണ് നേരത്തേ അനുവദിച്ചിരുന്നത്. ജനങ്ങൾ സ്പോണ്സർ ചെയ്ത ഭക്ഷണത്തിനും വസ്ത്രത്തിനും കോടികൾ പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയത്തപ്പോൾ കർഷകരുടെ യഥാർഥ നഷ്ടമായ കാലിത്തൊഴുത്തിന് 3,000 രൂപ മാത്രം ഉൾപ്പെടുത്തിയത് സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കർഷകവിരുദ്ധ സമീപനംകൂടി വ്യക്തമാക്കുന്നതായി.