വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; നാലു പേര്‍ക്കെതിരെ കേസ്
Tuesday, September 17, 2024 1:49 AM IST
കൊച്ചി: വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവില്‍ വിദേശജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നു കോടികള്‍ തട്ടിയതായി പരാതി. പണം നഷ്ടമായ കാലടി സ്വദേശിനിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട സ്വദേശി സിനോബ് ജോര്‍ജ് അടക്കം നാലു പേര്‍ക്കെതിരേ കാലടി പോലീസ് കേസെടുത്തു.
സിനോബിന്റെ ഉടമസ്ഥതയില്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി ടൂര്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന ന്യൂസിലന്‍ഡില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് 5.5 ലക്ഷം രൂപ കൈപ്പറിയശേഷം വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്നും ജോലിക്കായി നല്കിയ പണം തിരികെ കൊടുത്തില്ലെന്നുമാണു പരാതി. സമാന രീതിയില്‍ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ ഇത്തരത്തില്‍ സിനോബിനു പണം നല്‍കിയിട്ടുണ്ടെന്നു പരാതിക്കാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യഘട്ടം ഒരു ലക്ഷം രൂപയും വീസ ലഭിക്കുമ്പോള്‍ ബാക്കി തുകയും കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വാട്സ്ആപ്പില്‍ വ്യാജ വീസ അയച്ചു തന്നശേഷം ഇയാള്‍ ബാക്കി പണം കൈക്കലാക്കുകയായിരുന്നുവെന്നു പരാതിക്കാരി ആരോപിച്ചു. സമാനരീതിയിലാണ് മറ്റുള്ളവർക്കും പണം നഷ്ടമായത്.
ഇതു ചോദ്യം ചെയ്തതോടെ പണം നോബിള്‍ എന്നയാള്‍ക്കു കൈമാറി എന്നറിയിച്ചു. ഇതു പ്രകാരം നോബിളിനെ ബന്ധപ്പെട്ടപ്പോള്‍, പണം തരില്ലെന്ന നിലപാടാണു സ്വീകരിച്ചത്. ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.
ദുര്‍ഗ ശശി, നോബിള്‍ സൈമണ്‍, ഗ്രീഷ്മ എന്നിവരാണു കേസിലെ മറ്റ് പ്രതികള്‍. ഒന്നാംപ്രതിയായ സിനോബ് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജയിലിലാണെന്നും പരാതിക്കാരി പറഞ്ഞു. പരാതി നല്‍കിയതോടെ പ്രതികള്‍ ഭീഷണി മുഴക്കുന്നുണ്ടെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.