ചൊക്രമുടിയിലെ അനധികൃത നിര്‍മാണം നിര്‍ത്തണമെന്ന് ഹൈക്കോടതി
Saturday, September 14, 2024 2:22 AM IST
കൊച്ചി: ഇടുക്കി ബൈസണ്‍വാലി ചൊക്രമുടിയിലെ അനധികൃത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ദുരന്തനിവാരണ അഥോറിറ്റി റിപ്പോര്‍ട്ട് പ്രകാരം ഉരുള്‍പൊട്ടല്‍ മേഖലയില്‍വരുന്ന പ്രദേശമാണിതെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പരിസ്ഥിതി മേഖലയായ ചൊക്രമുടി മല ഇടിച്ചു നിരത്തുകയാണെന്നും ഇതു തടയാന്‍ ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സംഘടന ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയിലാണ് ഉത്തരവ്.
അതേസമയം ചൊക്രമുടിയില്‍ അസൂത്രിത ഭൂമി കൊള്ളയാണ് നടക്കുന്നതെന്ന് കാട്ടി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഐജി കെ. സേതുരാമന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.