മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയസൂര്യയും ബാബുരാജും
Thursday, September 12, 2024 4:18 AM IST
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നടന്മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. നടിയുടെ പരാതിയിലുള്ളത് സാങ്കല്പിക കാര്യങ്ങളാണെന്ന് ജയസൂര്യയുടെ ഹര്‍ജിയില്‍ പറയുന്നു.
റിസോർട്ടിലെ മുന്‍ ജീവനക്കാരിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്നും വാട്സ്ആപ് ചാറ്റുകള്‍ തെളിവായി ഹാജരാക്കാമെന്നും ബാബുരാജും കോടതിയെ അറിയിച്ചു.
‘പിഗ്മാന്’ സിനിമയുടെ ലൊക്കേഷനില്‍ വച്ച് കയറിപ്പിടിച്ചെന്ന നടിയുടെ പരാതി സാങ്കല്പിക കാര്യങ്ങളാണെന്നാണ് ജയസൂര്യയുടെ ഹര്‍ജിയില്‍ പറയുന്നത്.
2012 ജനുവരി ഒന്നിനും 2013 ഡിസംബര്‍ 31നും ഇടയിലാണു സംഭവമെന്ന് നടി പറയുന്നു. ആദ്യം കരമന പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തൊടുപുഴയിലേക്കും തുടര്‍ന്ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്കും കൈമാറി.
ബിസിനസ് ആവശ്യത്തിനു വിദേശത്തായിരുന്ന തനിക്ക് എഫ്ഐആറിന്റെയും മൊഴിയുടെയും പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ജയസൂര്യയുടെ ഹര്‍ജിയില്‍ പറയുന്നു.
യുവതിക്കുനേരേ ബലപ്രയോഗമുണ്ടായിട്ടില്ലെന്നും മുന്‍ ജീവനക്കാരിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും ബാബുരാജ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
2018-19 കാലഘട്ടത്തില്‍ പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ അന്നൊന്നും പരാതി ഉയര്‍ത്തിയിട്ടില്ല. അടുത്ത സൗഹൃദം തുടര്‍ന്ന യുവതി 2023 വരെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
ഇതു തെളിവായി ഹാജരാക്കാനുമാകുമെന്നും ബാബുരാജും കോടതിയെ അറിയിച്ചു. ഹര്‍ജി അടുത്ത ദിവസംതന്നെ കോടതി പരിഗണിക്കും.