അധ്യാപകദിനത്തിൽ ഗുരുനാഥന് വിദ്യാർഥികളുടെ മർദനം
Friday, September 6, 2024 1:51 AM IST
കണ്ണൂർ: ദേശീയ അധ്യാപകദിനത്തിൽ അധ്യാപകനെ മർദിച്ച് വിദ്യാർഥികളുടെ അധ്യാപക ദിനാഘോഷം. പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ഫാസിലിനാണ് ഇതേ സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളുടെ മർദനമേറ്റത്. ഓണപ്പരീക്ഷയുടെ ഭാഗമായി ഇംഗ്ലീഷ് പരീക്ഷ നടക്കാനിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം.
പരീക്ഷാഹാളിൽ മറ്റു വിദ്യാർഥികളെല്ലാം കയറിയെങ്കിലും മൂന്നു വിദ്യാർഥികൾ മാത്രം കറങ്ങിനടന്നത് അധ്യാപകൻ ചോദ്യംചെയ്തതാണ് സംഭവത്തിനു തുടക്കം. ച്യൂയിംഗം നുണഞ്ഞ് സ്കൂൾ വരാന്തയിൽ കറങ്ങിനടക്കുകയായിരുന്ന വിദ്യാർഥികളോട് അധ്യാപകൻ പരീക്ഷാഹാളിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു.
അധ്യാപകന്റെ നിർബന്ധം അസഹ്യമായതോടെ ഇതിൽ രണ്ടു പ്ലസ്ടു വിദ്യാർഥികൾ അധ്യാപകന്റെ മുഖത്തടിക്കുകയായിരുന്നുവെന്നാണു പരാതി.
അധ്യാപകൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി. അധ്യാപകന്റെ പരാതിയിൽ ഇരുവർക്കുമെതിരേ കേസെടുക്കുമെന്നു ടൗൺ പോലീസ് എസ്എച്ച്ഒ അറിയിച്ചു.